കുടിയേറ്റ തൊഴിലാളികൾ മടങ്ങിയതോടെ കേരളത്തിലെ പ്ലൈവുഡ് വ്യവസായം പ്രതിസന്ധിയിലായി

നാല്‍പ്പതിനായിരത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ ഈ സ്ഥാപനങ്ങളിലായി പണിയെടുത്തിരുന്നു.

Update: 2020-05-10 09:32 GMT

പെരുമ്പാവൂ‍ർ: കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങിയതോടെ കേരളത്തിലെ പ്ലൈവുഡ് വ്യവസായം പ്രതിസന്ധിയിലായി. പല യൂനിറ്റുകളിലും നിര്‍മാണം പകുതിയായി കുറക്കേണ്ടി വന്നിരിക്കുന്ന സാഹചര്യമാണെന്ന് വ്യവസായികൾ പറയുന്നു. പലയിടത്തും ഒരു ഷിഫ്റ്റ് മാത്രമാക്കി ചുരുക്കിയാണ് നിർമാണം നടക്കുന്നത്.

കേരളത്തില്‍ ഏറ്റവുമധികം പ്ലൈവുഡ് നിര്‍മാണ ഫാക്ടറികളുള്ളത് എറണാകുളം ജില്ലയിലാണ്. പെരുമ്പാവൂർ, ആലുവ മേഖലകളിലാണ് ഇവയിൽ ഭൂരിഭാ​ഗവും സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂർ ചൂരക്കോടുളള പ്ലൈവുഡ് നിര്‍മാണ ഫാക്ടറിയിൽ നേരത്തെ 80 ജീവനക്കാരുണ്ടായിരുന്നു എന്നാൽ ഇപ്പോൾ ശേഷിക്കുന്നത് 50 പേര്‍ മാത്രം. 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി ഒരു ഷിഫ്റ്റ് മാത്രമാക്കി ചുരുക്കി. പ്ലൈവുഡ് നിര്‍മാണം പകുതിയായി. കൊവിഡ് ഭീതിയില്‍ കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതാണ് പ്രതിസന്ധിയായത്.

എറണാകുളം ജില്ലയില്‍ മാത്രം 375 പ്ലൈവുഡ് ഫാക്ടറികളാണ് ഉണ്ടായിരുന്നത്. നാല്‍പ്പതിനായിരത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ ഈ സ്ഥാപനങ്ങളിലായി പണിയെടുത്തിരുന്നു. ഇതില്‍ 6000ല്‍ അധികം പേര്‍ മടങ്ങിപ്പോയി. സാഹചര്യങ്ങള്‍ അനുകൂലമായാൽ കുടിയേറ്റ തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നാണ് പ്ലൈവുഡ് വ്യവസായികളുടെ ആവശ്യം.

Similar News