മോദി സ്തുതി: അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയേക്കും; തീരുമാനം ഇന്ന്
അബ്ദുല്ലക്കുട്ടിയെ പുറത്താക്കണമെന്ന കെപിസിസിയുടെ നിര്‍ദേശത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് അനുമതി നല്‍കിയതായാണു സൂചന. ഇക്കാര്യം കേരളത്തിലെ നേതൃത്വത്തെ അറിയിച്ചെന്നും കെപിസിസി ഇതുസംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നുമാണ് റിപോര്‍ട്ടുകള്‍.
കോഴിക്കോട്: നരേന്ദ്രമോദിയെ പുകഴ്ത്തിയ എ പി അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയേക്കും. അബ്ദുല്ലക്കുട്ടിയെ പുറത്താക്കണമെന്ന കെപിസിസിയുടെ നിര്‍ദേശത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് അനുമതി നല്‍കിയതായാണു സൂചന. ഇക്കാര്യം കേരളത്തിലെ നേതൃത്വത്തെ അറിയിച്ചെന്നും കെപിസിസി ഇതുസംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നുമാണ് റിപോര്‍ട്ടുകള്‍. മോദിയെ പുകഴ്ത്തിയ അബ്ദുല്ലക്കുട്ടിയോട് കെപിസിസി കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു.
കണ്ണൂര്‍ ഡിസിസിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. നരേന്ദ്രമോദിയെ പുകഴ്ത്തിയതിനു പുറമേ കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ അബ്ദുല്ലക്കുട്ടി കോണ്‍ഗ്രസ് നേതൃത്വത്തിന് മറുപടി നല്‍കാന്‍ തയ്യാറായില്ല. മനപ്പൂര്‍വമാണ് മറുപടി നല്‍കാത്തതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അബ്ദുല്ലക്കുട്ടിക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. അബ്ദുല്ലക്കുട്ടിയുടെ മോദി സ്തുതിക്കെതിരേ കണ്ണൂര്‍ ഡിസിസി യോഗത്തിലും കെപിസിസി യോഗത്തിലും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.
അബ്ദുല്ലക്കുട്ടിക്കെതിരേ ശക്തമായ നടപടി വേണമെന്നായിരുന്നു യോഗത്തിന്റെ ആവശ്യം. മോദിയെ പുകഴ്ത്തിയുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കണമെന്ന്് യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം മോദിയുടെ വിജയം മഹാവിജയമെന്ന് അബ്ദുല്ലക്കുട്ടി ഫേസ്ബുക്കില്‍ പുകഴ്ത്തിയതാണു വിവാദമായത്. മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജന്‍ഡയുടെയും അംഗീകാരമാണ് ഈ മഹാവിജയമെന്നും ഗാന്ധിയന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന ആളാണ് മോദിയെന്നും അബ്ദുല്ലക്കുട്ടി പുകഴ്ത്തി. അബ്ദുല്ലക്കുട്ടിയുടെ പോസ്റ്റിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രംഗത്തുവന്നു.
അബ്ദുല്ലക്കുട്ടിക്ക് കോണ്‍ഗ്രസ് പരിപാടികളില്‍ അപ്രഖ്യാപിത വിലക്കുമേര്‍പ്പെടുത്തിയിരിക്കുകയാണ്. രേഖാമൂലം പറഞ്ഞിട്ടില്ലെങ്കിലും അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടന്നാണു കണ്ണൂര്‍ ഡിസിസിയുടെ തീരുമാനം. മഞ്ചേശ്വരം സീറ്റ് ലക്ഷ്യമിട്ടാണ് ബിജെപിയുമായി അടുക്കാനുള്ള അബ്ദുല്ലക്കുട്ടിയുടെ നീക്കമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതേസമയം, അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേരുന്നത് കാത്തിരുന്നുകാണാമെന്നും ഇതുവരെ താനുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.