കൊച്ചി: പോക്‌സോ കേസിലെ പ്രതി നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസില്‍ ഇയാള്‍ രാവിലെ കീഴടങ്ങിയിരുന്നു. അഭിഭാഷകയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് റോയ് വയലാട്ട് എത്തിയത്. പിന്നാലെ റോയ് വയലാട്ടിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജ് ചോദ്യം ചെയ്തു. ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റോയ് വയലാട്ടിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അഭിഭാഷക പറഞ്ഞു. റോയ് വയലാട്ട്, കേസിലെ കൂട്ട് പ്രതി ഷൈജു തങ്കച്ചന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതിയും സുപ്രിംകോടതിയും നിരസിച്ചതിന് പിന്നാലെയാണ് റോയ് കീഴടങ്ങിയത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് റോയ് വയലാട്ടിനെതിരായ കേസ്. അതേസമയം, പോക്‌സോ കേസിലെ മറ്റൊരു പ്രതിയായ സൈജു എം തങ്കച്ചന്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലിസ് സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ടിനെതിരേ ഫോര്‍ട്ട് കൊച്ചി പോലിസ് പോക്‌സോ ചുമത്തിയത്. 2021 ഒക്ടോബറില്‍ ഹോട്ടലില്‍ വച്ച് റോയ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പോലിസ് പറയുന്നു.
കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്താന്‍ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികള്‍ക്ക് ഒത്താശ ചെയ്‌തെന്നാണ് കേസ്. എന്നാല്‍, പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.