നിലമ്പൂർ വനത്തിൽ മാവോവാദികൾക്കായി പോലിസ്- വനം വകുപ്പ് സംയുക്ത തിരച്ചിൽ
മേഖലയിലെ ആദിവാസി ഊരുകളിൽ മാവോവാദി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നിരന്തരം നടക്കുന്നുവെന്ന വിവരം പോലിസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ.
മലപ്പുറം: നിലമ്പൂർ വനത്തിൽ മാവോവാദികൾക്കായി പോലിസ്- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചിൽ നടത്തി. പോത്തുകല്ല് മേഖലയിലെ വനത്തിലാണ് തിരച്ചില്‍ നടത്തിയത്. ഇന്നലെ നാലംഗ മാവോവാദി സംഘം പോത്തുകല്ല് കുമ്പളപ്പാറ ആദിവാസി ഊരിലെത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍.
കുമ്പളപ്പാറ കോളനിയിലെത്തിയ നാലംഗ സംഘത്തിലെ മൂന്ന് പേര്‍ ഒരു വീട്ടില്‍ താമസിച്ചതായും ഒരാള്‍ വഴിയില്‍ കാവല്‍ നിന്നതായുമാണ് പോലിസിനു കിട്ടിയ വിവരം. സംഘം ആദിവാസികള്‍ക്ക് ക്ലാസ് എടുത്തതായും പോലിസിന് വിവരം കിട്ടിയിട്ടുണ്ട്. നേരത്തെ സമീപത്തെ ഇരുട്ടികുത്തി ഊരിലും മാവോവാദികള്‍ എത്തിയിരുന്നു. ഇവര്‍ തന്നെയാണ് കുമ്പളപ്പാറ ഊരിലും എത്തിയതെന്നാണ് പോലിസ് സംശയിക്കുന്നത്.
2016 ലെ കരുളായി ഏറ്റുമുട്ടലിന് ശേഷം നിലമ്പൂർ വനമേഖലയിലെ ആദിവാസി മേഖലകളിൽ മാവോവാദി പ്രവർത്തനം ശക്തിപ്പെടുന്നുവെന്നാണ് പോലിസ് നിഗമനം. മേഖലയിലെ ആദിവാസി ഊരുകളിൽ മാവോവാദി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നിരന്തരം നടക്കുന്നുവെന്ന വിവരം പോലിസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ.