കായംകുളത്ത് പള്ളിയില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥികള്‍ക്കു പോലിസ് മര്‍ദ്ദനം

ദേഹപരിശോധന നടത്തിയ ശേഷം ആളു മാറിപ്പോയെന്നു പറഞ്ഞ് പോലിസ് സംഘം സ്ഥലംവിട്ടതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു

Update: 2019-03-13 01:21 GMT

ആലപ്പുഴ: കായംകുളത്ത് പള്ളിയില്‍ നിന്നു പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളെ പോലിസ് മര്‍ദ്ദിച്ചു. കായംകുളം പുത്തന്‍തെരുവ് പള്ളിയില്‍ നിന്നു പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ ഷാദില്‍, ഷാഹിദ് എന്നിവരെയാണ് സിഐയും എഎസ്‌ഐയും സംഘവും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്. പരിക്കേറ്റ ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഘത്തെ കാറിലെത്തിയ മറ്റൊരു സംഘം മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ പോലിസ് സംഘമാണ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്. ദേഹപരിശോധന നടത്തിയ ശേഷം ആളു മാറിപ്പോയെന്നു പറഞ്ഞ് പോലിസ് സംഘം സ്ഥലംവിട്ടതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു.ഇന്നലെ വൈകീട്ടാണ് സംഭവം. ആശുപത്രിയിലുള്ള വിദ്യാര്‍ഥികളില്‍ നിന്ന് മൊഴിയെടുക്കാനെത്തിയ കായംകുളം സിഐയും മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞതോടെ പ്രതിഷേധവുമായി സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. ഇതേത്തുടര്‍ന്ന് വാഹനത്തില്‍ തിരിച്ചുകയറിയ സിഐയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുയ്ക്കുകയും ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തു. വിവരമറിഞ്ഞ് കൂടുതല്‍ കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെത്തി പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിവൈഎസ്പി ഉറപ്പുനല്‍കി.




Tags:    

Similar News