തിരൂരില്‍ പോലിസ് പിടികൂടിയ പ്രതികള്‍ക്ക് കൊവിഡ്; എസ്‌ഐ അടക്കം 18 പോലിസുകാര്‍ ക്വാറന്റൈനില്‍
കഴിഞ്ഞ 22നാണ് വിവിധ കേസുകളിലായി പ്രതികളെ പോലിസ് പിടികൂടിയത്. ഒരാളെ കാവഞ്ചേരിയില്‍നിന്നും മറ്റൊരാളെ തൃപ്രങ്കോട് ആനപ്പടിയില്‍നിന്നുമാണ് പിടികൂടിയത്.
മലപ്പുറം: തിരൂരില്‍ പോലിസ് പിടികൂടിയ പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എസ്‌ഐ അടക്കം 18 പോലിസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ 22നാണ് വിവിധ കേസുകളിലായി പ്രതികളെ പോലിസ് പിടികൂടിയത്. ഒരാളെ മംഗലം കാവഞ്ചേരിയില്‍നിന്നും മറ്റൊരാളെ തൃപ്രങ്കോട് ആനപ്പടിയില്‍നിന്നുമാണ് പിടികൂടിയത്. മണല്‍ക്കടത്തുമായി ബന്ധപ്പെട്ടും വഞ്ചനാക്കേസുമായും ബന്ധപ്പെട്ടാണ് ഇരുവരെയും പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാല്‍, ഇവര്‍ കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങിയതിനുശേഷമാണ് കൊവിഡ് സ്ഥിരീകരിച്ച് റിപോര്‍ട്ട് പുറത്തുവരുന്നത്. കൊവിഡ് സ്ഥിരീകരിച്ചതോടെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പ്രതികളെ കണ്ടെത്തുകയും ഇരുവരെയും പ്രത്യേക ആംബുലന്‍സുകളില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് പ്രവേശിപ്പിക്കുകയും ചെയ്തു. ഇവര്‍ക്ക് യാതൊരു രോഗലക്ഷണവുമുണ്ടായിരുന്നില്ലെന്നും കൊവിഡ് പരിശോധന നടത്തിയപ്പോള്‍ മാത്രമാണ് രോഗവിവരമറിയുന്നതെന്നുമാണ് റിപോര്‍ട്ടുകള്‍.
പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ അടക്കമുള്ളവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. കൂടാതെ പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ക്വാറന്റൈനില്‍ പോവേണ്ടിവരും.