ആൾമാറാട്ടം നടത്തി കൊവിഡ് പരിശോധന; കെ എസ് യു സംസ്ഥാന അധ്യക്ഷൻ അഭിജിത്തിനെതിരെ കേസ്സെടുത്തു
പരിശോധന രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത് അബി എം കെ എന്ന പേരിലാണ്. സ്വന്തം മേൽവിലാസവും ഫോൺ നമ്പറും കെ എം അഭിജിത്ത് നൽകിയിരുന്നില്ല.
തിരുവനന്തപുരം: കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിനെതിരെ പോലിസ് കേസ്സെടുത്തു. ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമം തുടങ്ങിയവ ചുമത്തി പോത്തൻകോട് പോലിസാണ് കേസെടുത്തത്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. കെ എസ് യു പ്രസിഡൻറിനെ സഹായിച്ച ആരോഗ്യ പ്രവർത്തകനെതിരെയും കേസെടുത്തേക്കും.
അതിനിടെ കെഎസ്‌യു പ്രസിഡന്റിന്റെ പരിശോധന രജിസ്റ്റർ പുറത്തുവന്നു. പരിശോധന രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത് അബി എം കെ എന്ന പേരിലാണ്. സ്വന്തം മേൽവിലാസവും ഫോൺ നമ്പറും കെ എം അഭിജിത്ത് നൽകിയിരുന്നില്ല. രോഗം സ്ഥിരീകരിച്ച ശേഷവും സ്വന്തം നമ്പർ ഇദ്ദേഹം നൽകിയില്ല. രോഗിയുടെ നമ്പരും വിലാസവും കേന്ദ്രീകരിച്ചാണ് സമ്പർക്ക പട്ടിക തയ്യാറാക്കൽ. എന്നാൽ, ശരിയായ വിവരങ്ങളാണ് നൽകിയതെന്നും രേഖപ്പെടുത്തിയതിൽ പിശകുണ്ടായതെന്നും അഭിജിത്ത് പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ പ്രവർത്തകർ താനുമായി ബന്ധപ്പെട്ടിരുന്നതായും അഭിജിത് പറഞ്ഞു.