ഏഴാംക്ലാസുകാരിക്ക് പീഡനം: അന്വേഷിക്കാത്ത പോലിസിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍
അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി സൊമിനിക് നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം: വര്‍ക്കല ഗവ.മോഡല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ പോലിസിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയെ കുറിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ വര്‍ക്കല പോലിസ് മടിക്കുന്നതിനെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി സൊമിനിക് നിര്‍ദ്ദേശം നല്‍കി.
ഒരുമാസം മുമ്പാണ് വര്‍ക്കല പോലിസിന് പരാതി നല്‍കിയത്. വര്‍ക്കല നഗരസഭ നിയോഗിച്ച കൗണ്‍സിലര്‍മാര്‍ കൗണ്‍സിലിങ നല്‍കുന്നതിനിടെയാണ് പീഡനത്തെ കുറിച്ച് വിദ്യാര്‍ഥിനി പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. 2018 ഒക്ടോബര്‍ 29 നായിരുന്നു ഇത്. കൗണ്‍സിലര്‍മാരുടെ റെക്കോര്‍ഡിങ് ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍ക്കും ചൈല്‍ഡ് ലൈനിനും നവംബര്‍ ആദ്യം നല്‍കി. തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ വര്‍ക്കല പോലിസില്‍ പരാതി നല്‍കിയത്.
എന്നാല്‍ പരാതി പോലിസ് ഗൗരവമായെടുത്തില്ല. കുറ്റവാളിയെ സംരക്ഷിക്കാനാണ് പോലിസ് ശ്രമിക്കുന്നതെന്ന് ഡിസിസി ജനറല്‍ സെക്രടറി എം ജെ ആനന്ദ് കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടി സ്വയമെഴുതിയ പരാതിയും ഇലക്ട്രോണിക് തെളിവുകളുമുണ്ടെന്ന് പരാതിയില്‍ പറയുന്നു. നീതി പൂര്‍വമായ അന്വേഷണം നടത്തി അധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ആവശ്യം.