തപാല്‍ വോട്ടുകള്‍ കലക്ടറേറ്റില്‍ എണ്ണും
അന്തിമഫലം പ്രഖ്യാപിക്കുമ്പോള്‍ ജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം ആകെ ലഭിച്ച തപാല്‍ വോട്ടുകളേക്കാള്‍ കുറവാണെങ്കില്‍ എല്ലാ തപാല്‍ വോട്ടുകളും നിര്‍ബന്ധമായും വരണാധികാരി, നിരീക്ഷകന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പുനഃപരിശോധിക്കും.
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ എണ്ണുക കലക്ടറേറ്റിലായിരിക്കും. ഇവിടെ തന്നെയാകും മീഡിയ സെന്ററും പ്രവര്‍ത്തിക്കുക. മറ്റു കേന്ദ്രങ്ങളിലെ കണക്കുകള്‍ കൂടി കൂട്ടി വരണാധികാരിയായ ജില്ലാ കലക്ടര്‍ ഫലപ്രഖ്യാപനം നടത്തും.
തിരഞ്ഞെടുപ്പ് നടത്തിപ്പുചട്ടങ്ങളിലെ 50 മുതല്‍ 67 വരെയുള്ള വിവിധ ചട്ടങ്ങളും കാലാകാലങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിര്‍ദേശങ്ങളും അനുസരിച്ചാണ് വോട്ടെണ്ണല്‍ നടത്തുന്നത്. ഇടവേളയില്ലാതെ വോട്ടെണ്ണല്‍ തുടര്‍ച്ചയായി നടത്തണമെന്ന് 60ാം ചട്ടം അനുശാസിക്കുന്നു. ഇതുപ്രകാരം ആദ്യം എണ്ണിത്തുടങ്ങുക തപാല്‍ വോട്ടുകളാണ്. എന്നാല്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്ന ശേഷമേ വോട്ടുയന്ത്രത്തിലെ വോട്ടുകള്‍ എണ്ണാവൂ എന്ന് വ്യവസ്ഥയില്ല. യന്ത്രത്തിലെ എണ്ണലിന്റെ അവസാന റൗണ്ടിനു തൊട്ടുമുമ്പുള്ള റൗണ്ട് ആരംഭിക്കും മുമ്പ് തപാല്‍ വോട്ടുകളുടെ എണ്ണല്‍ പൂര്‍ത്തിയായിരിക്കണമെന്നാണ് വ്യവസ്ഥ.
വോട്ടെണ്ണലിന്റെ തലേന്ന് വരണാധികാരി അതുവരെ ലഭിച്ച തപാല്‍ വോട്ടുകളുടെ കണക്ക് നിരീക്ഷകന് നല്‍കും. വോട്ടെണ്ണല്‍ ദിനത്തില്‍ എണ്ണല്‍ തുടങ്ങുന്ന സമയം വരെ ലഭിച്ച തപാല്‍ വോട്ടുകളുടെ എണ്ണം സംബന്ധിച്ച വിവരവും നല്‍കും. തപാല്‍ വോട്ടുകള്‍ വരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് എണ്ണുന്നത്.
വോട്ടെണ്ണലിനു നിശ്ചയിച്ച സമയം വരെ ലഭിക്കുന്ന എല്ലാ തപാല്‍ വോട്ടുകളും വോട്ടെണ്ണലില്‍ പരിഗണിക്കും. തപാല്‍ വോട്ടുകള്‍ 13ബി എന്ന കവറിലാകും ഉണ്ടാകുക. ഈ കവര്‍ 13എയിലുള്ള പ്രഖ്യാപനത്തോടൊപ്പം 13സി കവറിനുള്ളില്‍ നിക്ഷേപിച്ചാകും വരണാധികാരിക്ക് ലഭിക്കുക. ഇവയുടെ പരിശോധനയില്‍ നാലു കാരണങ്ങളാല്‍ തപാല്‍ വോട്ടുകള്‍ നിരസിക്കപ്പെടാം.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ 13 സി കവറുകള്‍ തുറക്കുന്നു. ഇവയില്‍ 13എ, 13ബി കവറുകള്‍ ഉണ്ടാകും. ആദ്യം 13 എ പരിശോധിക്കും. 13 എ ഇല്ലാത്ത പക്ഷവും 13എയില്‍ ഒപ്പുവച്ചിട്ടിലാത്ത പക്ഷവും 13എ യഥാവിധി സാക്ഷ്യപ്പെടുത്താത്ത പക്ഷവും 13എയിലെ സീരിയല്‍ നമ്പര്‍ 13ബിക്കു പുറത്തുള്ള സീരിയല്‍ നമ്പരുമായി യോജിക്കാത്ത പക്ഷവും നിരസിക്കാം. എന്നാല്‍ സാക്ഷ്യപ്പെടുത്തേണ്ട ഉദ്യോഗസ്ഥന്റെ എല്ലാ വിവരവും ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഓഫീസ് മുദ്ര ഇല്ലെന്ന കാരണത്താല്‍ തള്ളിക്കളയുന്നതിന് മതിയായ കാരണമല്ല.
ഇത്തരത്തില്‍ നിരസിക്കപ്പെടുന്ന 13ബിയിലുള്ള എല്ലാ എ കവറുകളും വരണാധികാരി മതിയായ വിവരമെഴുതി 13സിയിലുള്ള ബി കവറില്‍ നിക്ഷേപിച്ച് അവ വലിയ കവറിലാക്കി മുദ്രവച്ച് മാറ്റിവയ്ക്കും. സാധുവായ എല്ലാ 13എയും പുറത്ത് വിശദാംശമെഴുതിയ കവറില്‍ സൂക്ഷിക്കും. തുടര്‍ന്നാണ് സാധുവായ എ (13ബി) കവറുകള്‍ പരിഗണിക്കുക. ഇവയോരോന്നും തുറന്ന് തപാല്‍ വോട്ടുകള്‍ പുറത്തെടുക്കും.
ഈ ഘട്ടത്തിലും വിവിധ കാരണങ്ങളാല്‍ തപാല്‍ വോട്ടുകള്‍ നിരസിക്കപ്പെടാമെന്ന് 56(2) ചട്ടം വിശദീകരിക്കുന്നു. വോട്ടു രേഖപ്പെടുത്താതിരിക്കുക, ഒന്നിലധികം പേര്‍ക്ക് വോട്ടു രേഖപ്പെടുത്തുക, വ്യാജമായ അല്ലെങ്കില്‍ സാധുവല്ലാത്ത ബാലറ്റാണെങ്കില്‍, യഥാര്‍ഥ ബാലറ്റാണെന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധം കേടുപാടുകള്‍ ഉള്ളതാണെങ്കില്‍, വരണാധികാരി നല്‍കിയ 13സിയിലുള്ള കവറിലല്ല തിരിച്ചുവന്നതെങ്കില്‍, ഏതു സ്ഥാനാര്‍ഥിക്കാണ് വോട്ട് എന്ന് നിര്‍ണയിക്കുന്നതിന് കഴിയാതെ വന്നാല്‍, വോട്ടറെ തിരിച്ചറിയാന്‍ സഹായകമാകുന്ന അടയാളം വല്ലതുമുണ്ടെങ്കില്‍ തുടങ്ങിയ കാരണങ്ങളാലാണ് ഈ ഘട്ടത്തില്‍ വോട്ടു നിരസിക്കപ്പെടുക. നിരസിക്കപ്പെടുന്ന ഓരോ തപാല്‍ വോട്ടിലും വരണാധികാരി റിജക്ടഡ് എന്ന് എഴുതിയോ മുദ്രവച്ചോ പ്രത്യേക കവറിലാക്കി സൂക്ഷിക്കണം.
ഒരു സ്ഥാനാര്‍ഥിക്ക് ബാലറ്റില്‍ അനുവദിച്ചിട്ടുള്ള സ്ഥലത്ത് എവിടെ വേണമെങ്കിലും വോട്ട് അടയാളപ്പെടുത്താം. സ്ഥാനാര്‍ഥിക്ക് ഒന്നിലേറെ തവണ വോട്ട് രേഖപ്പെടുത്തുന്നതും നിരസിക്കുന്നതിന് മതിയായ കാരണമല്ല. എല്ലാതരത്തിലും സാധുവായ വോട്ടു കണ്ടെത്തി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍ നിശ്ചിത എണ്ണം വീതമുള്ള കെട്ടുകളാക്കി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച ആകെ വോട്ടുകള്‍ തിട്ടപ്പെടുത്തും. 20ാം നമ്പര്‍ ഫോറത്തില്‍ ഫലം രേഖപ്പെടുത്തിയാണ് പ്രഖ്യാപനം. സാധുവായതും അസാധുവായതും ആയ ബാലറ്റുകള്‍ വെവ്വേറെ കെട്ടുകളാക്കി ഒരേ കവറില്‍ വച്ച് വരണാധികാരി, സ്ഥാനാര്‍ഥിയുടെയോ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ ചീഫ് ഏജന്റിന്റെയോ ഒപ്പോടുകൂടി മുദ്ര വച്ച് സൂക്ഷിക്കും.
അന്തിമഫലം പ്രഖ്യാപിക്കുമ്പോള്‍ ജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം ആകെ ലഭിച്ച തപാല്‍ വോട്ടുകളേക്കാള്‍ കുറവാണെങ്കില്‍ എല്ലാ തപാല്‍ വോട്ടുകളും നിര്‍ബന്ധമായും വരണാധികാരി, നിരീക്ഷകന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പുനഃപരിശോധിക്കും. ഈ പ്രക്രിയ പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കും. എന്നാല്‍ വോട്ടിങിലെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്നില്ല എന്നും ഉറപ്പാക്കണം. പകര്‍ത്തിയ രംഗം പൂര്‍ണ്ണമായും പ്രത്യേക കവറുകളില്‍ ഭാവിയില്‍ ആവശ്യമായി വന്നേക്കാവുന്ന പരിശോധയ്ക്കായി മുദ്രവെച്ച് സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ.