സ്വകാര്യ സ്‌കൂള്‍ ഫീസിളവ്: രക്ഷിതാക്കളും മാനേജ്‌മെന്റും വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കണം : എസ്ഡിപിഐ
കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ളാസുകള്‍ മാത്രം നടക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ ഫീസുകള്‍ വെട്ടിക്കുറക്കണമെന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ ചില സ്‌കൂളുകള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷ സമരം നടത്തി വരുന്നത്. ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയം സംഘര്‍ഷത്തിലേക്കും പോലിസ് നടപടികളിലേക്കും നീങ്ങുന്നത് ആശാസ്യമല്ല
കൊച്ചി: സ്വകാര്യ സ്‌കൂള്‍ ഫീസിന്റ പേരില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ രക്ഷകര്‍ത്താക്കളും സ്‌കൂള്‍ മാനേജ്‌മെന്റുകളും ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ളാസുകള്‍ മാത്രം നടക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ ഫീസുകള്‍ വെട്ടിക്കുറക്കണമെന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ ചില സ്‌കൂളുകള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷ സമരം നടത്തി വരുന്നത്. ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയം സംഘര്‍ഷത്തിലേക്കും പോലിസ് നടപടികളിലേക്കും നീങ്ങുന്നത് ആശാസ്യമല്ല.മഹാമാരിയില്‍ തൊഴിലില്ലായ്മ മൂലം ജീവിത ചിലവുകള്‍ ദുസ്സഹമായ സാഹചര്യത്തില്‍ ന്യായമായ കാരണമാണ് ഫീസിളവിനായി രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
ലോക്ക് ഡൗണില്‍ പ്രയാസത്തിലായ രക്ഷിതാക്കള്‍ക്ക് പരമാവധി ഫീസിളവ് നല്‍കാനുള്ള വിശാലത സ്‌കൂള്‍ മാനേജ്‌മെന്റിന് കാണിക്കാവുന്നതാണ്. സ്‌കൂളുകള്‍ നിലനിര്‍ത്താനാവശ്യമായ ഫീസ് വാങ്ങി കഴിയുന്നത്ര ഇളവുകള്‍ ചെയ്യാമെന്ന് മാനേജ്‌മെന്റ് പ്രതിനിധികളും പറയുന്നു.ഇന്നലെകളില്‍ വിദ്യാഭ്യാസ മേഖലയില്‍ മികച്ച സംഭാവനകളര്‍പ്പിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തകര്‍ച്ച സംഭവിക്കാതിരിക്കാനും വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാവതിരിക്കാനും പ്രശ്‌നം രമ്യമായി പരിഹരിക്കേണ്ടത് അനിവാര്യമാണ്.വിഷയത്തില്‍ പ്രാദേശിക സാഹചര്യങ്ങള്‍ മനസ്സിലാക്കിയുള്ള പരിഹാരശ്രമങ്ങള്‍ക്ക് എസ്ഡിപിഐ നേതൃത്വം മുന്‍കൈ എടുക്കുമെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, അജ്മല്‍ കെ മുജീബ്, ബാബു വേങ്ങൂര്‍, ലത്തീഫ് കോമ്പാറ, സുധീര്‍ ഏലൂക്കര സംബന്ധിച്ചു.