മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ ആരോഗ്യത്തെ ബാധിക്കില്ലെന്ന്; 5 ജി സാധ്യമാകണമെങ്കില്‍ കൂടുതല്‍ ടവറുകള്‍ വേണം: ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ്

5ജി ടെക്‌നോളജി വന്നു കഴിയുമ്പോള്‍ ടവറുകളുടെ എണ്ണം ഇപ്പോഴുള്ള 18,700-ഇല്‍ നിന്ന് 37,000 ആയി അടുത്ത രണ്ടു വര്‍ഷത്തിനുളില്‍ വര്‍ധിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് 5ജി യുടെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് കേരള എല്‍എസ്എ കൊച്ചി സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ പി ടി മാത്യു

Update: 2021-03-05 11:27 GMT

കൊച്ചി:മൊബൈല്‍ ടവറില്‍ നിന്നുള്ള റേഡിയേഷന്‍ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്നത് ശാസ്ത്രീയമായ വസ്തുതയാണെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് കേരള എല്‍എസ്എ കൊച്ചി സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ പി ടി മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.5ജി ടെക്‌നോളജി വന്നു കഴിയുമ്പോള്‍ ടവറുകളുടെ എണ്ണം ഇപ്പോഴുള്ള 18,700-ഇല്‍ നിന്ന് 37,000 ആയി അടുത്ത രണ്ടു വര്‍ഷത്തിനുളില്‍ വര്‍ധിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് 5ജി യുടെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ടെലികമ്യൂണിക്കേഷന്‍ സേവനങ്ങളുടെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ നെറ്റ്വര്‍ക്ക് ശൃംഖല കൂടുതല്‍ വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു. കവറേജ് വര്‍ധിപ്പിക്കുവാനും ഉയര്‍ന്ന ഡാറ്റ സ്പീഡ് ജനങ്ങള്‍ക്കു ലഭ്യമാക്കുവാനും കൂടുതല്‍ മൊബൈല്‍ ടവറുകള്‍ ആവശ്യമാണ്. എന്നാല്‍ തെറ്റിദ്ധാരണകള്‍ മൂലം പലസ്ഥലങ്ങളിലും ജനങ്ങള്‍ ടവര്‍ നിര്‍മ്മാണത്തെ എതിര്‍ക്കുകയാണെന്നും പി ടി മാത്യു പറഞ്ഞു.മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന തരംഗങ്ങള്‍ നോണ്‍-അയോണൈസിങ്ങ് റേഡിയേഷനുകളാണ്. ഇതിനു സമാനമായ തരംഗങ്ങളാണ് റേഡിയോ, ടെലിവിഷന്‍ എന്നിവയില്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ടവര്‍ റേഡിയേഷന്‍ ആരോഗ്യത്തിന് ഹാനികരമാണെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നു ലോകാരോഗ്യ സംഘടനയുള്‍പ്പെടെയുള്ള പല സംഘടനകളും റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര മാനദണ്ഡങ്ങളെക്കാളും പത്തുമടങ്ങു കര്‍ശനമായ നിയമങ്ങളാണ് ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് ഈ വിഷയത്തില്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്നും പി ടി മാത്യു അറിയിച്ചു.4.5W/m2 ആണ് മൊബൈല്‍ ടവര്‍ റേഡിയേഷന്റെ പരിധിയായി ഐസിഎന്‍ ഐ ആര്‍പി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ അനുവദനീയമായ റേഡിയേഷന്റെ പരിധി 0.45W/m2 ആണ്.ഐ ഐ ടി , എ ഐ ഐ എം എസ്,ഐസിഎംആര്‍ മുതലായ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെയാണ് ഡിഒടി ഈ നിയമങ്ങള്‍ പുറപ്പെടുവിച്ചത്. അതു കൊണ്ട് ജനവാസ പ്രദേശങ്ങള്‍, സ്‌കൂള്‍, ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ടവറുകല്‍ നിര്‍മ്മിക്കുന്നതിനു വിലക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതിനു മുന്‍പ് സേവനദാതാവ് നിര്‍മ്മിക്കുവാന്‍ പോകുന്ന ടവറിന്റെ പൊക്കവും, അവിടെ ഘടിപ്പിക്കുവാന്‍ പോകുന്ന ഉപകരണങ്ങളുടെ വിശദാംശങ്ങളും ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിനെ അറിയിക്കും.

നിര്‍മ്മിക്കുവാന്‍ പോകുന്ന ടവറില്‍ നിന്നു പരമാവധി പ്രവഹിക്കുവാന്‍ പറ്റുന്ന റേഡിയേഷന്‍ ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് അനുവദിച്ചിട്ടുള്ള പരിധിക്കുള്ളിലാണെങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നുള്ളൂ. ഇതിന് ശേഷമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതിന് ബില്‍ഡിംഗ് പെര്‍മിറ്റ് കൊടുക്കുന്നത്. ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിന് എല്ലാ ജില്ലയിലും ജില്ലാ കലക്ടര്‍ ചെയര്‍മാന്‍ ആയ ടിറ്റിസി (ജില്ലാ ടെലികോം കമ്മിറ്റി) ഉണ്ടെന്നും പി ടി മാത്യു പറഞ്ഞു.മൊബൈല്‍ ടവര്‍ റേഡിയേഷനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.dot.gov.in) ലഭ്യമാണെന്നും ഡോ മാത്യു അറിയിച്ചു. 10% ബിടിഎസ് എല്ലാ വര്‍ഷവും ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് ടെസ്റ്റ് ചെയ്യുന്നു.

കേരളത്തില്‍ 88366ബിടിഎസ്-കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2021 ജനുവരി 31 കാലയളവ് വരെ 46151 ബിടിഎസ്‌കള്‍ ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ ടവറുകളില്‍ നിന്നുമുള്ള റേഡിയേഷന്‍ പരിധിക്കുള്ളിലാണ്. എല്ലാ സേവനദാതാക്കളും മൊബൈല്‍ ടവറില്‍ നിന്നുള്ള വികരണം രേഖപ്പെടുത്തിയിട്ടുള്ള സെല്‍ഫ് സെര്‍ട്ടിഫിക്കേഷന്‍ ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിന് സമര്‍പ്പിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സ്ഥലം പിന്‍കോഡ് ഉപയോഗിച്ചു സമീപ പ്രദേശങ്ങളിലെ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്റെ അളവുകള്‍ അറിയുന്നതിനായി ഡിഒടി ഒരു വെബ്‌പോര്‍ട്ടല്‍ ഒരുക്കിയിട്ടുണ്ട് www.tarangsanchar.gov.in. ജനങ്ങള്‍ക്കു നിശ്ചിത തുക അടച്ചു ടവറില്‍ നിന്നുള്ള റേഡിയേഷന്‍ അളക്കുന്നതിനായി ഈ വെബ്‌സൈറ്റില്‍ അപേക്ഷിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News