പ്രഫഷണല്‍ സ്റ്റുഡന്റ് സമ്മിറ്റ് 10ന് കൊച്ചിയില്‍
സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകളില്‍ നിന്നും മികച്ച വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന രണ്ടായിരത്തോളം പേരാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്.
തിരുവനന്തപുരം: പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭവ്യക്തിത്വങ്ങളെ അടുത്തറിയാനും അവരുടെ പരിജ്ഞാനം പ്രയോജനപ്പെടുത്താനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രഫഷണല്‍ സ്റ്റുഡന്റ് സമ്മിറ്റ് നടത്തുന്നു. കേരള ആസൂത്രണ ബോര്‍ഡിന്റെ സഹകരണത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടി 10ന് രാവിലെ 10ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ഡോ.കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകളില്‍ നിന്നും മികച്ച വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന രണ്ടായിരത്തോളം പേരാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്. രണ്ടായിരം വിദ്യാര്‍ത്ഥികളെ 12 വിഷയ ഗ്രൂപ്പുകളായി തിരിച്ച് ചര്‍ച്ചകള്‍ നടത്തും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജസ്റ്റിസ്(റിട്ട) ഗോപാല ഗൗഡ, ഡോ.എം എസ് വല്യത്താന്‍, സന്ദീപ് പി ത്രിവേദി, ഡോ.സൗമ്യ സ്വാമിനാഥന്‍, ഡോ.എന്‍ ആര്‍ മാധവമേനോന്‍, എസ് സോമനാഥ്, ജുവാന കെയിന്‍ പൊറ്റാക്ക, സൗദാബി എന്‍, ഡോ.എല്‍ എസ് ഗണേഷ്, ഡോ.വി ആര്‍ ലളിതാംബിക തുടങ്ങിയവര്‍ വിദ്യാര്‍ഥികളോട് സംവദിക്കും.
കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ടോണിക്സ്, ഇലക്ടിക്കല്‍, മെക്കാനിക്കല്‍, സിവില്‍ എന്നിവയും അനുബന്ധവിഷയങ്ങളും മെഡിസിന്‍, ബി.ഫാം, നഴ്സിങ്്, ഡെന്റല്‍, ആയുര്‍വേദ, ഹോമിയോപ്പതി, നിയമം, ഫിഷറീസ്, വെറ്ററിനറി അഗ്രിക്കള്‍ച്ചര്‍, മാനേജ്മെന്റ് എന്നീ മേഖലകളെയാണ് വിദ്യാര്‍ഥികള്‍ പ്രതിനിധീകരിക്കുന്നത്. അസാപ് (അഡീഷണല്‍ സ്്കില്‍ അക്വസിഷന്‍ പ്രോഗ്രാം) ആയിരിക്കും പരിപാടിയുടെ നോഡല്‍ ഏജന്‍സി.