കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പിന്റെ അതിപ്രസരമെന്ന് പ്രഫ കെ വി തോമസ്
കേരളത്തില്‍ ബൂത്തു തലം മുതല്‍ ഗ്രൂപ്പടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്.കേരളത്തില്‍ എക്കാലവും ഗ്രൂപ്പുണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള രൂക്ഷതയില്ലായിരുന്നു.പുതിയ തലമുറയ്ക്കായി വഴിമാറിയത്തില്‍ സന്തോഷമുണ്ട്. എന്നാല്‍ രാഷ്രീയത്തില്‍ നിന്ന് വിരമിക്കുന്നതിനെ പറ്റി ചിന്തിക്കുന്നില്ല.എട്ട് സിറ്റിംഗ് എം പി മാര്‍ക്ക് സീറ്റ് നല്‍കിയിട്ടും തന്നെ ഒഴിവാക്കിയത് മനോവേദനയുണ്ടാക്കി.
കൊച്ചി : കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പിന്റെ അതിപ്രസരം ഉണ്ടെന്നും ഇത് പാര്‍ടിക്കു ഗുണകരമല്ലെന്നും പ്രഫ കെ വി തോമസ് . എറണാകുളം പ്രസ് ക്ലബ്ബില്‍ വോട്ടും വാക്കും പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബൂത്തു തലം മുതല്‍ ഗ്രൂപ്പടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത് .കേരളത്തില്‍ എക്കാലവും ഗ്രൂപ്പുണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള രൂക്ഷതയില്ലായിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു.ആന്റണിയും കരുണാകരനും ഉണ്ടായിരുന്നപ്പോള്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോള്‍ അവര്‍ കൂടിക്കാണുന്നതോടെ പ്രശ്നങ്ങള്‍ തീരുമായിരുന്നു ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിച്ചാല്‍ തിരഞ്ഞെടുപ്പില്‍ നേട്ടങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായി താന്‍ ഐ ഗ്രുപ്പ് കാരനാണെങ്കിലും പാര്‍ട്ടിയിലെ എല്ലാ നേതാക്കന്മാരുമായി അടുപ്പമുണ്ട്. പുതിയ തലമുറയ്ക്കായി വഴിമാറിയത്തില്‍ സന്തോഷമുണ്ട്. എന്നാല്‍ രാഷ്രീയത്തില്‍ നിന്ന് വിരമിക്കുന്നതിനെ പറ്റി ചിന്തിക്കുന്നില്ലെന്നും കെ വി തോമസ് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കാം എന്ന് നേരത്തെ പാര്‍ട്ടിയെ അറിയിച്ചിരുന്നതാണ്.എട്ട് സിറ്റിംഗ് എം പി മാര്‍ക്ക് സീറ്റ് നല്‍കിയിട്ടും തന്നെ ഒഴിവാക്കിയത് മനോവേദനയുണ്ടാക്കി. രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ടു തിരഞ്ഞെടുപ്പില്‍ നിന്ന് മാറുവാന്‍ സന്നദ്ധത അറിയിച്ചപ്പോഴും അനുമതി കിട്ടിയിരുന്നില്ല. പിന്നീട് എന്ത് സംഭവിച്ചുവെന്ന് തനിക്കറിയില്ല. ഇക്കാര്യം നേതാക്കളോട് ചോദിച്ചിട്ടുമില്ല.രാഷ്ട്രീയ കാര്യങ്ങളിലെ അഭിപ്രായ ഭിന്നത പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. അത് പലര്‍ക്കും അനിഷ്ടമായിട്ടുണ്ടാവാം. മുന്നറിയിപ്പ് ഇല്ലാതെ തന്നെ ഒഴിവാക്കിയത് വേദനയുണ്ടാക്കിയെന്നും കെ വി തോമസ് പറഞ്ഞു. സോണിയ ഗാന്ധി വിഷയത്തില്‍ ഇടപെട്ടതോടെ കാര്യങ്ങള്‍ നല്ല രീതിയില്‍ അവസാനിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും കെ വി തോമസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് താന്‍ തിരിച്ചുവന്നപ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പ്രവര്‍ത്തകരും നേതാക്കളും ഗ്രൂപ് വ്യത്യാസമില്ലാതെ വന്നു. കഴിഞ്ഞ 30 വര്‍ഷക്കാലം ജനപ്രതിനിധിയെന്ന നിലയില്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും മറക്കാന്‍ കഴിയില്ല .അതുകൊണ്ട് തന്നെ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നില്ല. ജനങ്ങള്‍ക്കിടയില്‍ ഉണ്ടാവുമെന്നും കെ വി തോമസ് പറഞ്ഞു.