പ്രതിപക്ഷത്തിന് സര്‍ക്കാരിനോട് മൃദുസമീപനമില്ല ; സഭ അലങ്കോലപ്പെടുത്താനുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
നിയമസഭയില്‍ യു ഡി എഫ് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. മുതിര്‍ന്ന നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അവരാരും പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല. എല്ലാവരും അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. കൊവിഡ് മുതല്‍ മുതല്‍ ശിവന്‍കുട്ടി വിഷയം വരെ ശക്തമായ നിലപാടാണ് നിയമസഭയില്‍ പ്രതിപക്ഷം എടുത്തത്.
കൊച്ചി: സര്‍ക്കാരിനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു ഘട്ടത്തിലും സര്‍ക്കാരിനോട് മൃദുസമീപനം എടുത്തിട്ടില്ലെന്നും ഉയര്‍ന്നുവന്ന ഓരോ വിഷയത്തിലും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനും സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ തിരുത്തിക്കാനും പ്രതിപക്ഷ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ദുര്‍ബലമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ ഒരു വിഭാഗം ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതിനെക്കുറിച്ച് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍.നിയമസഭയില്‍ യു ഡി എഫ് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. മുതിര്‍ന്ന നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അവരാരും പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല. എല്ലാവരും അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. കൊവിഡ് മുതല്‍ മുതല്‍ ശിവന്‍കുട്ടി വിഷയം വരെ ശക്തമായ നിലപാടാണ് നിയമസഭയില്‍ പ്രതിപക്ഷം എടുത്തത്. നിരവധി വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കഴിഞ്ഞു.
കൊവിഡ് പ്രതിസന്ധിയടക്കം പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് പിന്നീട് സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. നിയമസഭയില്‍ അലങ്കോലമുണ്ടാക്കുന്നതല്ല പ്രതിപക്ഷ ധര്‍മം. ഇത്തരത്തിലുള്ള സാമ്പ്രദായിക രീതികള്‍ പിന്തുടരില്ലെന്ന് താന്‍ ആദ്യമേ പ്രഖ്യാപിച്ചതാണ്. അതിന് പാര്‍ട്ടിയുടെ പിന്തുണയുണ്ട്. അതില്‍ തുടര്‍ന്നും മാറ്റമുണ്ടാകില്ല. പ്രശ്‌നാധിഷ്ഠിത സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. സര്‍ഗാത്മക പ്രതിപക്ഷമാണ് ഇപ്പോഴത്തേത്. ശിവന്‍കുട്ടി വിഷയത്തില്‍ സഭ അടിച്ചു പൊളിച്ചു പ്രതിഷേധിച്ചാല്‍ അവരും ഞങ്ങളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് സതീശന്‍ ചോദിച്ചു.
കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായുള്ള ഉത്തേജക പാക്കേജില്‍ പെടുത്തി ജനങ്ങള്‍ക്കുള്ള സഹായം നേരിട്ട് പണമായി നല്‍കുകയാണ് വേണ്ടതെന്ന് സതീശന്‍ പറഞ്ഞു. ഈ പണം വിപണിയിലെത്തുകയും പലതരത്തിലുള്ള വിനിമയങ്ങളിലൂടെ സര്‍ക്കാരിലേക്ക് തന്നെ എത്തിച്ചേരുകയും ചെയ്യും. ഇത് പലരാജ്യങ്ങളും നടപ്പാക്കുന്ന രീതിയാണ്. ഇപ്പോഴത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്തും അശാസ്ത്രീയമാണ്. ലോക്ഡൗണ്‍ നടപ്പാക്കുന്നതിന്റെ ഉദ്ദേശ്യ ശുദ്ധി തന്നെ നഷ്ടപ്പെടുകയാണ്. പുതിയ നിബന്ധനകള്‍ പ്രായോഗിമല്ല.
പോലിസിന് ടാര്‍ജറ്റ് കൊടുത്ത് പാവങ്ങളില്‍ നിന്ന് ദുരിത കാലത്ത് പണം പിഴിയുന്നത് ക്രൂരമായ നടപടിയാണ്. നൈറ്റ്‌ഷോപ്പിംഗ് ഉള്‍പ്പെടെ പ്രോത്സാഹിപ്പിച്ചു കൊണ്ട് വിപണിയിലെ തിരക്ക് കുറക്കാന്‍ സാധിക്കും. അശാസ്ത്രിയമായ രീതിയില്‍ ലോക്ഡൗണ്‍ നടപ്പാക്കുന്നതു കൊണ്ടാണ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്.ടി പി ആര്‍ മാനദണ്ഡം അശാസ്ത്രീയമെന്ന് താന്‍ നിയമസഭയില്‍ പറഞ്ഞപ്പോള്‍ മന്ത്രി പരിഹസിച്ചു. ഇപ്പോള്‍ കാര്യം മനസിലാക്കി. ഇതുപോലെ കൊവിഡ് മരണ നിരക്ക് സംബന്ധിച്ച പ്രതിപക്ഷ വിമര്‍ശനം ശരിയാണെന്ന് സര്‍ക്കാരിന് പിന്നീട് അംഗീകരിക്കേണ്ടി വന്നു.
കേരളത്തിന്റെ മികവിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ഓരോ അവകാശവാദവും പൊളിയുകയാണ്്. കൊവിഡ് നിയന്ത്രണത്തിന് പലതരം മോഡലുകള്‍ നമുക്ക് മുന്നിലുണ്ട്. നല്ല ആശയങ്ങള്‍ വരുമ്പോള്‍ ദുരഭിമാനം വെടിഞ്ഞ് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാനത്തിന് കിട്ടുന്ന വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ അപാകതയുണ്ട്. 50 ശതമാനം സബ്‌സിഡി കൊടുത്ത് സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാകുന്ന വാക്‌സിന്‍ കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കും. 800 രൂപ നല്‍കി സ്വകാര്യ ആശുപത്രികളില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ തയ്യാറാകില്ല. എന്നാല്‍ സബ്‌സിഡി നല്‍കി 350 രൂപക്ക് വാക്‌സിന്‍ ലഭ്യമാക്കിയാല്‍ ആളുകള്‍ സ്വകാര്യ ആശുപത്രികളിലെത്തി വാക്‌സിനെടുക്കാന്‍ തയ്യാറാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുസ് ലിം ലീഗിലെ പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും ഓരോ പാര്‍ട്ടിയിലെയും ആഭ്യന്തര പ്രശ്്‌നങ്ങള്‍ ആ പാര്‍ട്ടികളാണ് പരിഹരിക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു. എല്ലാ പാര്‍ട്ടികളിലും ആഭ്യന്തര പ്രശ്‌നങ്ങളുണ്ട്. മുസ് ലിം ലീഗിന് ആ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശക്തമായ സംവിധാനമുണ്ട്. പരാതികളുണ്ടെങ്കില്‍ ഇ ഡി അന്വേഷിക്കട്ടെ. ഇ ഡി അന്വേഷണത്തെ എതിര്‍ക്കുന്ന രീതി തങ്ങള്‍ക്കില്ല. ഇ ഡി അന്വേഷണത്തെ സര്‍ക്കാരും സി പി എമ്മും എതിര്‍ത്തത് പോലുള്ള നിലപാട് സ്വീകരിക്കില്ല.
കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പിയും സി പി എമ്മും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതിനാലാണ് അന്വേഷണം നിലച്ചതെന്ന് സതീശന്‍ ആരോപിച്ചു. സ്വര്‍ണക്കടത്തു കേസും കുഴല്‍പണ കേസും ഒരുമിച്ചു തീര്‍ന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.