പ്രതിഷേധം ഫലം കണ്ടു; രോഗികളുടെ പിടിച്ചുവച്ച പണം വിട്ടുനല്‍കാമെന്ന് ബാങ്ക് ഓഫ് ഇന്ത്യ
സാമൂഹികപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ ചികില്‍സയ്ക്കായി നിക്ഷേപിച്ച പണമാണ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ വിട്ടുനല്‍കാന്‍ തയ്യാറാവാതെ തടഞ്ഞുവച്ചത്.
പാലക്കാട്: പാവപ്പെട്ട രോഗികളുടെ ചികില്‍സയ്ക്കായി പിരിച്ചെടുത്ത പണം പിടിച്ചുവച്ച ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു. സാമൂഹികപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ ചികില്‍സയ്ക്കായി നിക്ഷേപിച്ച പണമാണ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ വിട്ടുനല്‍കാന്‍ തയ്യാറാവാതെ തടഞ്ഞുവച്ചത്.
എന്നാല്‍, ബാങ്കിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് പോലിസിന്റെ സാന്നിധ്യത്തില്‍ ബാങ്ക് മാനേജരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഫണ്ട് രോഗികള്‍ക്ക് നല്‍കാമെന്ന് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ രേഖാമൂലം എഴുതി നല്‍കിയത്. ആലത്തൂരില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ സഹോദരങ്ങള്‍ക്കായി പിരിച്ച തുക ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലം ശാഖയിലാണ് നിക്ഷേപിച്ചിരുന്നത്. ഈ തുക വിട്ടുതരുന്നില്ലെന്ന് കാട്ടി ഫിറോസ് കുന്നംപറമ്പില്‍ ഇന്നലെ രാത്രി ഫേസ്ബുക്ക് ലൈവിട്ടതിനു പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
ഇക്കഴിഞ്ഞ റമദാനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടികളുടെ ചികില്‍സാര്‍ഥം 34 മണിക്കൂര്‍ കൊണ്ട് 1.17 കോടിയാണ് പിരിഞ്ഞുകിട്ടിയിരുന്നത്. ഇതില്‍നിന്നു 10 ലക്ഷം രൂപ മാത്രമാണ് ബാങ്ക് പിന്‍വലിക്കാന്‍ അനുവദിച്ചത്. ചില മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ബാക്കിയുള്ള പണം ബാങ്ക് പിടിച്ചുവയ്ക്കുകയായിരുന്നു. ഹോദരങ്ങളുടെ ചികിത്സ കഴിഞ്ഞുള്ള പണം മറ്റു രോഗികള്‍ക്ക് കൊടുക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ, പണം പിന്‍വലിക്കാനോ മറ്റു രോഗികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനോ ബാങ്ക് അനുവദിക്കുന്നില്ലെന്നായിരുന്നു ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചിരുന്നത്.