കെ റെയില്‍ കല്ലിടുന്നതിനെതിരേ തിരുവനന്തപുരത്ത് പ്രതിഷേധം; പോലിസും സമരക്കാരും ഏറ്റുമുട്ടി
ഇന്നലെ ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ നിർത്തിവെച്ച കല്ലിടല്‍ ശനിയാഴ്ച രാവിലെ ആരംഭിച്ചപ്പോഴാണ് കോണ്‍ഗ്രസിന്റെയും കെ റെയില്‍ വിരുദ്ധ സമിതിയുടെയും നേതൃത്വത്തില്‍ പ്രതിഷേധിച്ചത്.
തിരുവനന്തപുരം: കെ റെയില്‍ സര്‍വേയ്ക്കെതിരേ പ്രതിഷേധം. പോലിസും സമരക്കാരും ഏറ്റുമുട്ടി. തിരുവനന്തപുരം പെരുങ്ങുഴി ഇടഞ്ഞും മൂലയിലാണ് സര്‍വേ നടപടിക്കെത്തിയ ഉദ്യോഗസ്ഥരും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സര്‍വേ തടസ്സപ്പെടുത്തി പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.
ഇന്നലെ ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ നിർത്തിവെച്ച കല്ലിടല്‍ ശനിയാഴ്ച രാവിലെ ആരംഭിച്ചപ്പോഴാണ് കോണ്‍ഗ്രസിന്റെയും കെ റെയില്‍ വിരുദ്ധ സമിതിയുടെയും നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. കല്ലിടലും സര്‍വ്വേയും സമരക്കാര്‍ തടഞ്ഞതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി. ഒരു വനിത ഉള്‍പ്പടെ 15 പേരെയാണ് ചിറയിന്‍കീഴ് പോലിസ് അറസ്റ്റ് ചെയ്തത്
പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്ത് നീക്കിയ ശേഷം കല്ലിടല്‍ പുനരാരംഭിച്ചു. ഇന്നലെ ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാതെ വന്നതോടെ കല്ലിടല്‍ നിര്‍ത്തിവെച്ചിരുന്നു. അഴൂര്‍ പെരുങ്ങുഴിഭാഗത്തെ അര കിലോമീറ്റര്‍ ഭാഗത്തുകൂടി ഇനി കല്ലിടേണ്ടതുണ്ട്. തുടര്‍ന്ന് മുരുക്കുംപുഴ ഭാഗത്ത് കല്ലിടല്‍ ആരംഭിക്കും.