തട്ടമിട്ടതിന് വിദ്യാർഥിനിക്ക് പഠനം നിഷേധിച്ചെന്ന പരാതി; സ്കൂളിനെതിരേ പ്രതിഷേധം വ്യാപകമാവുന്നു

സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ സ്കൂളിനെതിരേ പ്രതിഷേധം വ്യാപകമാണ്. വിദ്യാർഥിനിയോടുള്ള സ്കൂളിന്റെ സമീപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും വിദ്യാർഥി സംഘടനയായ കാംപസ് ഫ്രണ്ടും രംഗത്തുവന്നു. അതേസമയം, എസ്എഫ്ഐ, കെ എസ് യു തുടങ്ങിയ സംഘടനകൾ വിഷയത്തിൽ ഇടപെടാതെ മൗനം നടിക്കുന്നതും വിവാദമായിട്ടുണ്ട്.

Update: 2019-06-13 08:20 GMT

തിരുവനന്തപുരം: പുതുതായി ചേർന്ന സ്‌കൂളില്‍ തട്ടമിട്ടെത്തിയ വിദ്യാര്‍ഥിനിയെ ടിസി നല്‍കി പുറത്താക്കിയെന്ന പരാതിയിൽ പ്രതിഷേധം ശക്തമാവുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ സ്കൂളിനെതിരേ പ്രതിഷേധം വ്യാപകമാണ്. വിദ്യാർഥിനിയോടുള്ള സ്കൂളിന്റെ സമീപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും വിദ്യാർഥി സംഘടനയായ കാംപസ് ഫ്രണ്ടും രംഗത്തുവന്നു. അതേസമയം, എസ്എഫ്ഐ, കെ എസ് യു തുടങ്ങിയ സംഘടനകൾ വിഷയത്തിൽ ഇടപെടാതെ മൗനം നടിക്കുന്നതും വിവാദമായിട്ടുണ്ട്.

തിരുവനന്തപുരം തുമ്പയിൽ പ്രവർത്തിക്കുന്ന ജ്യോതിനിലയം സെക്കൻഡറി സ്‌കൂളിനെതിരെയാണ് വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ ആരോപണവുമായി രംഗത്തുവന്നത്. കഠിനംകുളത്തേക്ക് വീട് മാറിയതിനേ തുടർന്നാണ് തിരുവനന്തപുരം കവടിയാറിലെ സ്വകാര്യ സ്കൂളിൽ നിന്നും തുമ്പയിലെ ജ്യോതിനിലയം സ്കൂളിൽ എട്ടാം ക്ലാസിലേക്ക് വിദ്യാർഥിനി പ്രവേശനം നേടിയത്. കഴിഞ്ഞ വ്യാഴാഴ്ച സ്കൂളിലെ ആദ്യദിനം തന്നെ യൂനിഫോമിനൊപ്പം തട്ടമിട്ട് വന്നതോടെ പ്രിൻസിപ്പാളും അധ്യാപകരും എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് തിങ്കളാഴ്ച രക്ഷിതാക്കളേയും കൂട്ടി വിദ്യാർഥിനി എത്തിയപ്പോൾ തട്ടമിട്ട് സ്കൂളിൽ വരാനാവില്ലെന്ന നിലപാട് പ്രിൻസിപ്പാൾ ആവർത്തിച്ചു. തട്ടം ഒഴിവാക്കാൻ കഴിയില്ലെങ്കിൽ ടിസി വാങ്ങിപ്പോവാൻ പറഞ്ഞതായും കുട്ടിയും രക്ഷിതാക്കളും പറയുന്നു.


പ്ലസ്ടൂ കുട്ടികളെ പോലും തട്ടമില്ലാതെയാണ് ക്ലാസിൽ പ്രവേശിപ്പിക്കുന്നതെന്ന് പ്രിൻസിപ്പാൾ പറഞ്ഞതായി വിദ്യാർഥിനി പറയുന്നു. തട്ടം മാറ്റാൻ കഴിയില്ലെങ്കിൽ ടിസി വാങ്ങിപോവാനും പറഞ്ഞു. സ്കൂൾ പ്രവേശനത്തിന് മുന്നോടിയായി നടന്ന ഇന്റർവ്യുവിന് തട്ടം പറ്റില്ലെന്ന് പറഞ്ഞിരുന്നില്ലെന്ന് വിദ്യാർഥിനിയുടെ പിതാവ് പറയുന്നു. അഞ്ചാം ക്ലാസ് മുതല്‍ വിദ്യാർഥിനി തലയില്‍ തട്ടിമിട്ടുകൊണ്ടായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. അഡ്മിഷന് പോയ സമയത്തും ഇന്റര്‍വ്യൂവിന് പോയ സമയത്തും തലയില്‍ ഷാള്‍ ധരിച്ചിരുന്നു. അപ്പോഴൊന്നും അവര്‍ ഈ സ്‌കൂളില്‍ തട്ടമിടാന്‍ പറ്റില്ലെന്നൊന്നും പറഞ്ഞിട്ടില്ല. പ്രിൻസിപ്പാളിനെ നേരിൽക്കണ്ടപ്പോൾ സംസാരിക്കാൻ സമയമില്ലെന്ന് പറഞ്ഞു. തട്ടമിടാതെ സ്കൂളിൽ കയറാമെങ്കിൽ മാത്രം തുടരാമെന്നും അല്ലെങ്കിൽ ടിസി വാങ്ങിപ്പോകാമെന്നും പ്രിൻസിപ്പാൾ പറഞ്ഞു.

എന്നാൽ നിയമങ്ങൾ അംഗീകരിക്കാൻ കഴിയാത്തതിനാലും സ്കൂളിലെ സൗകര്യങ്ങളിൽ തൃപ്തിയില്ലാത്തതിനാലുമാണ് വിദ്യാർഥിനി ടിസി വാങ്ങിപ്പോയതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. തട്ടവുമായി ബന്ധപ്പെട്ട ചർച്ച സ്കൂളിൽ നടന്നിട്ടില്ലെന്നും അവർ പറയുന്നു.

പുതിയ അധ്യയന വർഷത്തിൽ പഠിക്കാൻ എത്തിയ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ തട്ടമഴിച്ച് മാറ്റിയ സ്കൂൾ നടപടി വ്യക്തിയുടെ മതസ്വാതന്ത്ര്യത്തിലുള്ള കടന്ന് കയറ്റമാണെന്ന് കാംപസ് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ഐഫ കബീർ അഭിപ്രായപ്പെട്ടു.

സ്കൂൾ നടപടി ഭരണഘടനാ വിരുദ്ധമാണ്. പുറത്താക്കൽ ഭീഷണി മുഴക്കി ഇവിടെ നിരവധി കുട്ടികളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണ്. ഭരണഘടന വ്യക്തിക്ക് വകവച്ച് നൽകുന്ന അവകാശങ്ങളെ ഇല്ലായ്മ ചെയ്ത് പ്രവർത്തനം തുടരുന്ന ഇത്തരത്തിലുള്ള സ്കൂളുകൾ പ്രബുദ്ധ കേരളത്തിന് അപമാനമാണ്. തട്ടം വിലക്കിയ നടപടി പിൻവലിച്ച് വിദ്യാർഥിനിയെ തിരിച്ച് എടുക്കണമെന്നും അല്ലാത്തപക്ഷം കാംപസ് ഫ്രണ്ട് വിവിധ സമരപരിപാടികളിലേക്ക് കടക്കുമെന്ന് ഐഫ കബീർ പറഞ്ഞു.


അതിനിടെ, യൂത്ത് കോൺഗ്രസ് കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഭാരവാഹികളായ ഫാറൂഖ്‌, ജാബു, നൗഫൽ നേതൃത്വം നൽകി. വിവാദ നടപടി പിൻവലിച്ചില്ലെങ്കിൽ സ്കൂളിനെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ഇന്ന് വൈകീട്ട് അടിയന്തര പിടിഎ മീറ്റിങ് കൂടിയ ശേഷം നാളെ തീരുമാനം അറിയിക്കാമെന്ന് സ്കൂൾ അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിച്ചത്.

Tags:    

Similar News