പിഎസ് സിയുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടണം: കാംപസ് ഫ്രണ്ട്
ട്ടികജാതി, വര്‍ഗ വകുപ്പിന് കീഴിലെ സ്ഥാപനമായ കോഴിക്കോട് കിര്‍ത്താഡ്‌സിലും സമാനമായ ആരോപണങ്ങള്‍ ഈയടുത്ത് ഉയര്‍ന്നിരുന്നു
കോഴിക്കോട്: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പ്രതീക്ഷയോടെ സമീപിക്കുന്ന കേരള പിഎസ് സിയുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസില്‍പ്പെട്ടവര്‍ റാങ്ക് ലിസ്റ്റില്‍ വന്നതിനു പിന്നില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുമ്പേ തന്നെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ കുറ്റവാളികളുടെ പക്ഷം ചേര്‍ന്ന് ന്യായീകരണം ചമക്കുകയാണ് പിഎസ് സി ചെയര്‍മാനും സര്‍ക്കാരും ചെയ്തത്. പിഎസ് സി പരീക്ഷയില്‍ ആദ്യറാങ്ക് നേടിയ പ്രതികളുടെ പിജി പരീക്ഷാ മാര്‍ക്ക് മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഘട്ടത്തില്‍ ക്രമക്കേട് സമ്മതിച്ചത് ഗത്യന്തരമില്ലാതെയാണെന്നാണ് മനസ്സിലാവുന്നത്. ക്രമക്കേട് സ്ഥിരീകരിക്കപ്പെട്ട നിലയ്ക്ക് ഈ വിഷയത്തില്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച പിഎസ് സി ചെയര്‍മാന്‍ രാജിവയ്ക്കണം. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഉപയോഗിച്ചതിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരേ നടപടിയും കൃത്യമായ അന്വേഷണവും സര്‍ക്കാര്‍ ഉറപ്പാക്കണം.
കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട യൂനിവേഴ്‌സിറ്റി കോളജ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ മാത്രമാണ് ഇപ്പോള്‍ ക്രമക്കേട് പുറത്തായത്. ഇത് കേരള ചരിത്രത്തിലാദ്യത്തെ പിഎസ് സി ക്രമക്കേടല്ല. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ വ്യാപകമായ തോതില്‍ പിന്‍വാതില്‍ നിയമനം നടത്തി ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. പട്ടികജാതി, വര്‍ഗ വകുപ്പിന് കീഴിലെ സ്ഥാപനമായ കോഴിക്കോട് കിര്‍ത്താഡ്‌സിലും സമാനമായ ആരോപണങ്ങള്‍ ഈയടുത്ത് ഉയര്‍ന്നിരുന്നു. ഇതുള്‍പ്പെടെയുള്ള മുഴുവന്‍ നിയമനങ്ങളും അന്വേഷണ വിധേയമാക്കണം. രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരിലുള്ള അനധികൃത കൈകടത്തലുകളില്‍ നിന്നു പിഎസ് സിയെ രക്ഷപെടുത്താന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. സി പി അജ്മല്‍, വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി, സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍, അല്‍ ബിലാല്‍ സലീം സംസാരിച്ചു.