ഓണക്കാലം: സംസ്ഥാനത്ത് പൊതുഗതാഗത നിയന്ത്രണം ഒഴിവാക്കി; മദ്യശാലകളുടെ പ്രവർത്തന സമയം വർധിപ്പിക്കും
ഇക്കാലയളവിൽ ബസുകൾക്ക് കേരളത്തിൽ എവിടേയും സർവീസ് നടത്താം. സെപ്തംബർ രണ്ട് വരെയാണ് ഇളവ്.
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി. ഇക്കാലയളവിൽ ബസുകൾക്ക് കേരളത്തിൽ എവിടേയും സർവീസ് നടത്താം. സെപ്തംബർ രണ്ട് വരെയാണ് ഇളവ്.
കൊവിഡ് പ്രോട്ടോകോൾ പാലിച്ച് രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയാണ് സർവീസിന് അനുമതി. കൊവിഡ് രോഗഭീതിയെ തുടർന്ന് പൊതുഗതാഗതത്തിന് നേരത്തെ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രണ്ടു ജില്ലകൾ കേന്ദ്രീകരിച്ച് മാത്രമേ നിലവിൽ കെഎസ്ആർടിസിക്ക് യാത്രാ അനുമതിയുണ്ടായിരുന്നുള്ളൂ.
സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം വര്‍ധിപ്പിക്കാനും തീരുമാനമായി. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്താണ് പുതിയ നടപടി. രാവിലെ ഒന്‍പതു മുതല്‍ രാത്രി ഏഴുവരെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദിവസേന 800 ടോക്കണുകള്‍ വരെ അനുവദിക്കാനും തീരുമാനമായി. ടോക്കണ്‍ എടുക്കുന്നവര്‍ക്ക് മൂന്ന് ദിവസത്തെ ഇടവേളയെന്ന വ്യവസ്ഥയും നീക്കി.
നിലവിൽ ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ചില്ലറ വിൽപന ശാലകൾ ഒമ്പത് മുതൽ അഞ്ച് മണി വരെയാണ് പ്രവർത്തിച്ചിരുന്നത്. ഇത് രണ്ട് മണിക്കൂർ ദീർഘിപ്പിച്ച് ഒമ്പത് മുതൽ ഏഴ് മണി വരെയാക്കി മാറ്റും.
ബാറുകളിലെ അനധികൃത മദ്യവിൽപന തടയാനും കർശന നടപടി സ്വീകരിക്കും. ഇതിനായി ബാറിൽ അനുവദിക്കുന്ന ടോക്കണുകൾ പരിശോധിക്കും. ടോക്കണുകൾക്ക് ആനുപാതികമായ മദ്യം ബാറുകൾ വെയർഹൗസിൽനിന്ന് വാങ്ങുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും നിർദേശമുണ്ട്.
ബെവ്ക്യൂ ആപ്പിന്റെ ഗുണം ബാറുകൾ കൊണ്ടുപോകുന്നുവെന്നും ബിവറേജ്സ് കോർപ്പറേഷന് വലിയതോതിൽ വരുമാനനഷ്ടമുണ്ടെന്നുമുള്ള വിമർശനങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇത് കണക്കിലെടുത്താണ് ബെവ്കോയ്ക്ക് അനുകൂലമായി ബെവ്ക്യൂ ആപ്പിൽ മാറ്റം വരുത്താനുള്ള നിർദേശം. ഇതോടെ വിൽപ്പന ഉയരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.