പുലിമുട്ട് നീളം കൂട്ടുന്നു: കടലേറ്റത്തിന് പരിഹാരം കാണാന്‍ തുറമുഖ വകുപ്പ്
നിലവില്‍ 625 മീറ്റര്‍ നീളമുള്ള പുലിമുട്ട് 130 മീറ്റര്‍ കൂടി നീട്ടും. 10.57 കോടി രൂപ ചെലവില്‍ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം.
അഴീക്കോട് അഴിമുഖത്ത് അതിവേഗം മണല്‍ത്തിട്ടകള്‍ രൂപംകൊള്ളുകയും ഇത് അപകടാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയിലും പൂനെയിലുമുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള പുലിമുട്ടിന്റെ നീളം കൂട്ടാന്‍ വകുപ്പ് തീരുമാനിച്ചത്. നിലവില്‍ 625 മീറ്റര്‍ നീളമുള്ള പുലിമുട്ട് 130 മീറ്റര്‍ കൂടി നീട്ടും. 10.57 കോടി രൂപ ചെലവില്‍ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം. 10.45 കോടി രൂപയാണ് സാങ്കേതികാനുമതിത്തുക. മുനമ്പം സബ് ഡിവിഷന്റെ കീഴിലാണ് അഴീക്കോട് ഭാഗത്തെ നീളം വര്‍ധിപ്പിക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നത്.
25 വര്‍ഷത്തേക്ക് ഉപകാരപ്രദമാകുന്ന നിലയിലാണ് നീളം കൂട്ടുന്നത്. അടിഭാഗത്തേക്ക് 40 മീറ്റര്‍ വീതിയില്‍ വലിയ കരിങ്കല്ലുകള്‍ നിരത്തി അതിന് മുകളിലേയ്ക്ക് വ്യത്യസ്ത ഭാരത്തിലുള്ള കല്ലുകള്‍ നിരത്തും. മുകള്‍ഭാഗത്ത് സ്റ്റീലും കോണ്‍ക്രീറ്റും ഉപയോഗിച്ച് പ്രത്യേകമായി നിര്‍മ്മിക്കുന്ന നാല് കാലുള്ള തൂണുകള്‍ നിരത്തിയാണ് പുലിമുട്ടിന്റെ നിര്‍മ്മാണം. ഇതിനാവശ്യമായ കരിങ്കല്ലുകള്‍ കടപ്പുറത്തെത്തിയിട്ടുണ്ട്. കോണ്‍ക്രീറ്റ് തൂണുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി.
30 വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയായ നിലവിലെ പുലിമുട്ട് ഒരുവശത്ത് 90 ശതമാനം ഭാഗത്തോളം മണല്‍പ്പരപ്പ് നിറഞ്ഞുകഴിഞ്ഞു. ഇതോടെ അഴിമുഖത്തേക്ക് മണല്‍ അടിഞ്ഞുകൂടി അതിവേഗം അഴിമുഖം മണല്‍ത്തിട്ടയായി മാറുമെന്ന് കണ്ടെത്തിയതോടെയാണ് നീളം കൂട്ടാനുള്ള തീരുമാനം.