കള്ളവോട്ട്: പര്‍ദ്ദധാരികള്‍ക്കെതിരായ സിപിഎം നിലപാട് അപലപനീയമെന്നു പോപുലര്‍ ഫ്രണ്ട്‌

Update: 2019-05-19 09:29 GMT

കോഴിക്കോട്: കള്ളവോട്ട് തടയാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവനയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അപലപിച്ചു. സംസ്ഥാനത്ത് കള്ളവോട്ട് ചെയ്തതിന്റെ പേരില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. സ്വന്തം പാര്‍ട്ടി ചെയ്ത നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് ജയരാജന്‍ ശ്രമിച്ചിരിക്കുന്നത്. ഇതിലൂടെ സിപിഎമ്മിന്റെ ന്യൂനപക്ഷ വിരുദ്ധത ഒരിക്കല്‍ കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളവോട്ട് ചെയ്തതിന്റെ പേരില്‍ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് റീപോളിംഗ് നടക്കുന്നത്. കാസര്‍കോഡ് മണ്ഡലത്തില്‍ സിപിഎം, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞതാണ്. സിപിഎം പഞ്ചായത്ത് മെമ്പറും പ്രാദേശിക നേതാക്കളും ബൂത്തിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. ഇതിലെവിടെയും പര്‍ദ്ദ ധരിച്ചെത്തിയവര്‍ കള്ളവോട്ട് ചെയ്യുന്നതായി കണ്ടിട്ടില്ല. കള്ളവോട്ടിന്റെ ഉത്തരവാദിത്തം പര്‍ദ്ദയുടെ മേല്‍ കെട്ടിവക്കാനുള്ള നീക്കം ദുരുദ്ദേശ്യപരമാണ്. ഇതിനെ ന്യായീകരിച്ച് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തുവന്നതോടെ, ജയരാജന്റെ പ്രസ്താവന യാദൃശ്ചികമല്ലെന്ന് വ്യക്തമായിരിക്കുകയാണ്.

കേരളത്തില്‍ നടക്കുന്ന കള്ളവോട്ടുകളുടെ ഉത്തരവാദിത്തത്തില്‍ നിന്നും എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപിക്കും ഒഴിഞ്ഞുമാറാനാവില്ല. പാര്‍ട്ടി ഗ്രാമങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ വ്യാപകമായി നടക്കുന്ന കള്ളവോട്ടിന്റെയും ജനാധിപത്യവിരുദ്ധ പ്രവണതകളുടെയും ഒരംശം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന നടപടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സിപിഎം തയ്യാറായാല്‍ കേരളത്തിലെ കള്ളവോട്ട് ഗണ്യമായി കുറയും. അതിനു പകരം കള്ളിവെളിച്ചതായതോടെ പിടിച്ചുനില്‍ക്കാന്‍ നേതാക്കള്‍ സംഘപരിവാരത്തിന്റെ ഭാഷ കടമെടുത്തിരിക്കുകയാണ്. കള്ളവോട്ടിന്റെ പേരില്‍ മുസ്‌ലിം സമുദായത്തിലെ സ്ത്രീകളുടെ വസ്ത്രധാരണ രീതിയെ അടച്ചാക്ഷേപിച്ച പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാവണമെന്നും അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News