പ്രിയ സഖാവിന് ഹൃദയം കൊണ്ട് അന്ത്യാഭിവാദ്യങ്ങള്‍ നേര്‍ന്ന് പുഷ്പന്‍
ചെങ്കൊടി പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ദേഹത്തിനരികെ പ്രവര്‍ത്തകര്‍ എടുത്തുകൊണ്ടുവന്നപ്പോള്‍ തല ചരിച്ച് പുഷ്പന്‍ ആ മുഖത്തേക്ക് നോക്കി അന്ത്യാഭിവാദ്യങ്ങള്‍ നേര്‍ന്നു.
തലശ്ശേരി: കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനുമെത്തി. ചെങ്കൊടി പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ദേഹത്തിനരികെ പ്രവര്‍ത്തകര്‍ എടുത്തുകൊണ്ടുവന്നപ്പോള്‍ തല ചരിച്ച് പുഷ്പന്‍ ആ മുഖത്തേക്ക് നോക്കി. രണ്ടരപ്പതിറ്റാണ്ടിലേറെയായി കിടപ്പിലായ തനിക്ക് താങ്ങായും കരുത്തായും എന്നും ഉണ്ടായിരുന്ന പ്രിയ സഖാവിന് അദ്ദേഹം ഹൃദയം കൊണ്ട് അന്ത്യാഭിവാദ്യങ്ങള്‍ നേര്‍ന്നു.
1994ലെ കൂത്തുപറമ്പ് വെടിവെപ്പില്‍ മാരക പരിക്കേറ്റ് തളര്‍ന്നുകിടക്കുന്ന പുഷ്പന് പിന്നീട് താങ്ങും തണലും ജീവിതവുമെല്ലാം നല്‍കിയത് പാര്‍ട്ടിയും പ്രവര്‍ത്തകരുമാണ്. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ മാര്‍ച്ചിലും കോടിയേരി ബാലകൃഷ്ണന്‍ പുഷ്പനെ ചൊക്ലിയിലെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു.
തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തില്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ഇപ്പോഴും നൂറുകണക്കിന് പേരാണ് ക്യൂ നില്‍ക്കുന്നത്.രാത്രി 12 വരെ പൊതുദര്‍ശനമുണ്ടാകും. തിങ്കളാഴ്ച രാവിലെ 10 മുതല്‍ മാടപ്പീടികയിലെ വീട്ടിലും, 11 മുതല്‍ കണ്ണൂര്‍ ജില്ല കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനമുണ്ടാകും. ശേഷം വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരിക്കും.