പാര്‍ട്ടിയെ ദുര്‍ബലപെടുത്താനുള്ള സമീപനങ്ങളില്‍ നിന്നു പി വി അന്‍വര്‍ എം എല്‍എ പിന്തിരിയണം: വാര്‍ത്താകുറിപ്പുമായി സിപിഎം

Update: 2024-09-22 11:00 GMT

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ കത്തി നില്‍ക്കെ അന്‍വറിന് താക്കീതുമായി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വാര്‍ത്താ കുറിപ്പിലാണ് അന്‍വറിന് വിമര്‍ശനം. അന്‍വര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ഗവണ്‍മെന്റിനെയും പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുന്നു. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപെടുത്താനുള്ള സമീപനത്തില്‍ നിന്നും അന്‍വര്‍ പിന്തിരിയണം എന്നാണ് വാര്‍ത്താക്കുറിപ്പ്.

സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ അന്‍വര്‍ നടത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്‍വറിനെ തള്ളിപ്പറഞ്ഞിരുന്നു. ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിലായിരുന്നു അന്‍വറിനെ തള്ളിയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ സംരക്ഷിച്ചു കൊണ്ടുള്ള നിലപാടുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഭരണകക്ഷി എംഎല്‍എ എന്ന നിലയില്‍ അന്‍വര്‍ ചെയ്യേണ്ടിയിരുന്നത് പ്രശ്‌നം പാര്‍ട്ടിയുടെയും തന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. അതിനുശേഷം മതിയായിരുന്നു പരസ്യനടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സി പിഎം വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. മാധ്യമങ്ങള്‍ വഴി അന്‍വര്‍ ഇറക്കുന്ന പ്രസ്താവനകളോട് യോജിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റണമെന്ന അന്‍വറിന്റെ ആവശ്യവും മുഖ്യമന്ത്രി തള്ളിയിരുന്നു. അതേസമയം മുഖ്യമന്ത്രി തെറ്റ് ധരിക്കപ്പെട്ടിരിക്കുകയണെന്നും പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ താന്‍ തന്റെ വഴി നോക്കുമെന്ന മറുപടിയുമായി അന്‍വറും രംഗത്തെത്തിയിരുന്നു.


Tags:    

Similar News