പുറത്തുനിന്ന് ജയിലിലെത്തുന്ന തടവുകാരെ ക്വാറന്റൈനിലാക്കും
പുതുതായി എത്തുന്ന അന്തേവാസികള്‍ക്ക് രോഗലക്ഷണം ഇല്ലെന്ന് ഉറപ്പാക്കണമെന്നും നിരീക്ഷണത്തില്‍ പാര്‍പ്പിക്കണം എന്നുമാണ് ജയില്‍ ഡിജിപിയുടെ നിര്‍ദേശം.
തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ പ്രതികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കി ജയില്‍ മേധാവിയുടെ ഉത്തരവ്. പുതുതായി എത്തുന്ന അന്തേവാസികള്‍ക്ക് രോഗലക്ഷണം ഇല്ലെന്ന് ഉറപ്പാക്കണമെന്നും നിരീക്ഷണത്തില്‍ പാര്‍പ്പിക്കണം എന്നുമാണ് ജയില്‍ ഡിജിപിയുടെ നിര്‍ദേശം. പുതുതായി എത്തുന്ന അന്തേവാസികളെ സാധാരണയുള്ള വൈദ്യപരിശോധനയ്ക്ക് പുറമെ, ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള ആശുപത്രിയില്‍ കൊവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കണം. പനി, ചുമ എന്നിങ്ങനെ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കി, മെഡിക്കല്‍ ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തണം. പുറത്തു നിന്നെത്തുന്ന തടവുകാരെ, രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിര്‍ബന്ധമായും 14 ദിവസത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കണം. ആരെങ്കിലും രോഗലക്ഷണം കാണിച്ചാല്‍ ഉടന്‍ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി കൊവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കണം. ജയില്‍ ഡിഐജിമാരുടെയും, ജയില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ ജയിലുകളില്‍ ഇതിനായുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കണം. ജയിലിലെ അന്തേവാസികളുടെയും, ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം ഉറപ്പാക്കാനും, രോഗവ്യാപനം തടയാനുമാണ് ജയില്‍ ഡിജിപിയുടെ ഉത്തരവ്.
പരോള്‍ കഴിഞ്ഞു തിരിച്ചെത്തുന്നവരെയും റിമാന്‍ഡ് പ്രതികളെയും കൊവിഡ് 19 ബാധിതര്‍ അല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ജയിലുകളില്‍ പ്രവേശിപ്പിക്കാവുവെന്നും ജയില്‍ മേധാവി ഋഷിരാജ് സിങ് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലിലടക്കം സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ഇതു വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കി. പലയിടത്തും ജയിലിന് മുന്നില്‍ റിമാന്‍ഡ് പ്രതികളുമായി പോലിസുകാര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു ജയില്‍ ഡിജിപി ഉത്തരവിട്ടത്.