പെട്ടിമുടി ദുരന്തം: ഒരു മൃതദേഹംകൂടി കണ്ടെത്തി; മരണസംഖ്യ 53 ആയി

ഗ്രാവല്‍ ബാങ്ക് ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 53 ആയി ഉയര്‍ന്നു.

Update: 2020-08-12 06:25 GMT

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തസ്ഥലത്ത് ഇന്ന് നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹംകൂടി കണ്ടെത്തി. ഗ്രാവല്‍ ബാങ്ക് ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 53 ആയി ഉയര്‍ന്നു. കാണാതായവര്‍ക്കായി ആറാംദിനവും തിരച്ചില്‍ പുരോഗമിക്കുകയാണ്. 18 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച നടത്തിയ തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

നേരത്തെ ലയങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ചുള്ള തിരച്ചില്‍ പൂര്‍ത്തിയാക്കിയിരുന്നു. പ്രതികൂലകാലാവസ്ഥയെത്തുടര്‍ന്ന് ചൊവ്വാഴ്ച തിരച്ചില്‍ വൈകീട്ട് നാലോടെ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചത്. കനത്ത മണ്ണിടിച്ചിലില്‍ വലിയ പാറക്കല്ലുകള്‍ വന്നടിഞ്ഞതിനെത്തുടര്‍ന്ന് തിരച്ചില്‍ ഏറെ പ്രയാസകരമായിരുന്നു. പാറ പൊട്ടിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സമീപത്തെ ആറ്റില്‍നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

പത്തുപേരടങ്ങുന്ന ടീമുകളായി വിന്യസിച്ചായിരുന്നു തിരച്ചില്‍. അപകടം നടന്ന സ്ഥലത്തുനിന്നും കിലോമീറ്ററുകള്‍ മാറിയാണ് ചൊവ്വാഴ്ച പല മൃതദേഹങ്ങളും കണ്ടെത്തിയത്.എന്‍ഡിആര്‍എഫ്, പോലിസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ്, സ്‌കൂബാ ഡൈവിങ് ടീം, റവന്യു, ആരോഗ്യം, പഞ്ചായത്ത്, സന്നദ്ധപ്രവര്‍ത്തകര്‍, തമിഴ്‌നാട് വെല്‍ഫെയര്‍ തുടങ്ങിയ സംഘങ്ങളാണ് വിവിധയിടങ്ങളിലെ തിരച്ചിലിനു നേതൃത്വം നല്‍കുന്നത്. 

Tags:    

Similar News