പെട്ടിമുടി ദുരന്തം: മൂന്ന് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു; മരണസംഖ്യ 52 ആയി, ഇനി കണ്ടെത്താനുള്ളത് 18 പേരെ

സമീപത്തെ പുഴയില്‍നിന്നാണ് ഒരു മൃതദേഹം കിട്ടിയത്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരാനാണ് രക്ഷാപ്രവര്‍ത്തകരുടെ തീരുമാനം.

Update: 2020-08-11 07:38 GMT

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ അഞ്ചാംദിവസമായ ഇന്ന് രാവിലെ മുതല്‍ നടത്തിയ തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. സമീപത്തെ പുഴയില്‍നിന്നാണ് ഒരു മൃതദേഹം കിട്ടിയത്. എസ്റ്റേറ്റ് സിവിഷന്‍ വാച്ചര്‍ രാമയ്യ (55), ചെല്ലദുരൈ (55), ഭാരതിരാജയുടെ ഭാര്യ രേഖ (27) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും 18 പേരെക്കൂടി കണ്ടെടുക്കാനുണ്ടെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിവരം. പ്രതികൂലസാഹചര്യങ്ങള്‍ അതിജീവിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഇനി കണ്ടെത്താനുള്ളതിലേറെയും കുട്ടികളെയാണ്.

പ്രദേശത്ത് മഴ മാറിനില്‍ക്കുന്നതിനാല്‍ വേഗത്തില്‍ തിരച്ചില്‍ നടത്താന്‍ കഴിയുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. എങ്കിലും മണ്ണിടിച്ചിലില്‍ വലിയ പാറക്കൂട്ടങ്ങള്‍ അടിഞ്ഞുകൂടിയത് വെല്ലുവിളിയാണ്. കൂടുതല്‍ ആഴത്തില്‍ കുഴിയെടുത്തും വലിയ പാറകള്‍ പൊട്ടിച്ചും തിരച്ചില്‍ നടത്താനുള്ള ശ്രമത്തിലാണ്. നേരത്തെ ലയങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ചുള്ള തിരച്ചില്‍ പൂര്‍ത്തിയാക്കിയിരുന്നു. പത്തുപേരടങ്ങുന്ന ടീമുകളായി വിന്യസിച്ചായിരുന്നു തിരച്ചില്‍. അപകടം നടന്ന സ്ഥലത്തുനിന്നും കിലോമീറ്ററുകള്‍ മാറിയാണ് ഇന്നലെ പല മൃതദേഹങ്ങളും കണ്ടെത്തിയത്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരാനാണ് രക്ഷാപ്രവര്‍ത്തകരുടെ തീരുമാനം.

എന്‍ഡിആര്‍എഫ്, പോലിസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ്, സ്‌കൂബാ ഡൈവിങ് ടീം, റവന്യു, ആരോഗ്യം, പഞ്ചായത്ത്, സന്നദ്ധപ്രവര്‍ത്തകര്‍, തമിഴ്‌നാട് വെല്‍ഫെയര്‍ തുടങ്ങിയ സംഘങ്ങളാണ് തിരച്ചിലിനു നേതൃത്വം നല്‍കുന്നത്. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാസംവിധാനങ്ങളോടെയാണ് രക്ഷാപ്രവര്‍ത്തനം. ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥര്‍ ഇന്ന് അവലോകനയോഗം ചേരും.  

Tags:    

Similar News