രാജമല ദുരന്തം: ഇതുവരെ കണ്ടെത്തിയത് 15 മൃതദേഹങ്ങള്‍; മരണം 41 ആയി

മൂന്നാം ദിനത്തില്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് യന്ത്രസാമഗ്രികളും ഉപയോഗിച്ചാണ് തിരച്ചില്‍ നടന്നുവരുന്നത്. കനത്ത മഴ പെയ്യുന്നതും മണ്ണൊഴുകിയെത്തുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ വളരെ സാഹസപ്പെട്ടാണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.

Update: 2020-08-09 09:53 GMT

ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഇതുവരെ കണ്ടെത്തിയത് 15 മൃതദേഹങ്ങള്‍. രാവിലെ മുതല്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 41 പേരുടെ മരണമാണുണ്ടായത്. ഇവരെ തിരിച്ചറിയുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും പേര് വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ഇനി 29 പേരെങ്കിലും മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. ജില്ലാ പോലിസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചാണ് ഇന്ന് പരിശോധനകള്‍ നടത്തുന്നത്.

അരുണ്‍ മഹേശ്വറി (34) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ആദ്യം കണ്ടെടുത്തത്. ഇന്നലെ വരെ ആകെ 26 പേരുടെ മരണങ്ങളാണ് സ്ഥിരീകരിച്ചിരുന്നത്. തൃശൂരില്‍നിന്ന് ബല്‍ജിയന്‍ മലിനോയിസ്, ലാബ്രഡോര്‍ എന്നീ ഇനത്തില്‍പെട്ട നായ്ക്കളാണ് മൃതദേഹം കണ്ടെത്താനായി സേനയെ സഹായിക്കുന്നത്. മണ്ണിനടിയില്‍നിന്ന് മൃതദേഹങ്ങള്‍ മണം പിടിച്ച് കണ്ടെത്താന്‍ കഴിവുള്ള നായ്ക്കളാണിവ. പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലും തുടരുകയാണ്. കനത്ത മഴയായതിനാല്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും ദുഷ്‌കരംതന്നെയാണ്. പ്രതികൂലകാലാവസ്ഥയെ അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

മൂന്നാം ദിനത്തില്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് യന്ത്രസാമഗ്രികളും ഉപയോഗിച്ചാണ് തിരച്ചില്‍ നടന്നുവരുന്നത്. കനത്ത മഴ പെയ്യുന്നതും മണ്ണൊഴുകിയെത്തുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ വളരെ സാഹസപ്പെട്ടാണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. മൃതദേഹങ്ങള്‍ പെട്ടിമുടിപ്പുഴയിലേക്ക് ഒലിച്ചുപോയിട്ടുണ്ടാവാമെന്ന സംശയവും ഉയരുന്നു. ഫയര്‍ഫോഴ്‌സും, ദുരന്തനിവാരണസേനയും പോലിസും എട്ട് സംഘങ്ങളായാണ് കാണാതായവര്‍ക്കുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുള്ളത്. രക്ഷാദൗത്യത്തില്‍ സഹായിക്കാന്‍ തിരുവനന്തപുരത്തനിന്നുള്ള അഗ്‌നിശമനസേനയുടെ അമ്പതംഗസംഘവും എത്തിയിട്ടുണ്ട്.

Tags:    

Similar News