രാജമല ദുരന്തം: കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി; മരണം 23 ആയി
പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 17 പേരുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടപടി അവിടെത്തന്നെയാണ് പുരോഗമിക്കുന്നത്.
ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ മണ്ണിനടിയില്‍പ്പെട്ട ആറുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ രണ്ടാംദിവസം നാല് ടീമുകളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ ആകെ മരണം 23 ആയി ഉയര്‍ന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡീന്‍ കുര്യാക്കോസ് എംപിയാണ് ഇക്കാര്യം പങ്കുവച്ചത്. മഴ മാറിനില്‍ക്കുന്നതും തിരച്ചിലിന് അനുകൂല കാലാവസ്ഥയാണുള്ളത്. പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 17 പേരുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടപടി അവിടെത്തന്നെയാണ് പുരോഗമിക്കുന്നത്.
അതേസമയം, ജില്ലാ ഭരണകൂടം 19 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി(48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43), കൗസല്യ (25), തപസിയമ്മാള്‍ (42), സിന്ധു (13), നിധീഷ് (25), പനീര്‍ശെല്‍വം (50), ഗണേശന്‍(40), രവിചന്ദ്രന്‍ (35), വിജില (47), കുട്ടിരാജ് (48), പവന്‍തായി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും പോലിസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. രാവിലെ പ്രദേശത്തുനിന്ന് ഒരു മൃതദേഹത്തിന്റെ ഭാഗം കണ്ടെത്തിയിരുന്നു.
ഇവിടം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കാണപ്പെട്ടത്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടിയിരിക്കുന്നത്. പെട്ടിമുടിയില്‍ രാവിലെ മുതല്‍ ചാറ്റല്‍ മഴയുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് വെള്ളമൊഴുക്ക് നിലനില്‍ക്കുന്നതിനാല്‍ ചതുപ്പ് പോലെ രൂപപ്പെട്ട് ചവിട്ടുന്നിടം താഴ്ന്ന് പോവുന്ന സ്ഥിതിയുണ്ട്. ഇതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകളും പെട്ടിമുടിയില്‍ കമ്പനി അനുവദിച്ച സ്ഥലത്ത് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.
രാജമലയില്‍നിന്നും പെട്ടിമുടിയിലേക്കുള്ള പാതയില്‍ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും കിടക്കുന്ന സാഹചര്യമുണ്ട്. വലിയ വാഹനങ്ങള്‍ ദുരന്തമുഖത്തേക്കെത്തിക്കുന്നതിന് ഇത് വെല്ലുവിളി ഉയര്‍ത്തുന്നു. പ്രാദേശിക ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയുമെല്ലാം സാന്നിധ്യവും സഹകരണവുമെല്ലാം ദുരന്തമുഖത്ത് സജീവമായുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതോടെ കൂടുതല്‍ ആളുകളെ മണ്ണിനടിയില്‍നിന്നും കണ്ടെടുക്കാനാവുമെന്നാണ് പ്രതീക്ഷ.