രാജമല ദുരന്തം: ഒമ്പതുപേരെ തിരിച്ചറിഞ്ഞു; മരണം 14 ആയി, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംഘം
ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി (48), കണ്ണന്‍ (40), അണ്ണാ ദുരൈ (44), രാജേശ്വരി (43) എന്നിവരാണ് മരണപ്പെട്ടത്. രക്ഷപ്പെട്ട 12 പേരില്‍ നാലുപേരെ (മൂന്ന് സ്ത്രീകളും ഒരു പുരുഷനും) മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇടുക്കി: മൂന്നാര്‍ രാജമലയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. ഇതുവരെ 13 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തതായാണ് റിപോര്‍ട്ടുകള്‍. അല്‍പം മുമ്പാണ് രണ്ട് മൃതദേഹങ്ങള്‍ക്കൂടി കണ്ടെടുത്തത്. മരണപ്പെട്ടവരില്‍ ഒമ്പതുപേരുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി (48), കണ്ണന്‍ (40), അണ്ണാ ദുരൈ (44), രാജേശ്വരി (43) എന്നിവരാണ് മരണപ്പെട്ടത്. രക്ഷപ്പെട്ട 12 പേരില്‍ നാലുപേരെ (മൂന്ന് സ്ത്രീകളും ഒരു പുരുഷനും) മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഒരു സ്ത്രീ ഐസിയുവിലാണ്. പളനിയമ്മ (50) കോലഞ്ചേരി മെഡിക്കല്‍ കോളജിലും ദീപന്‍ (25), ചിന്താലക്ഷ്മി (33), സരസ്വതി (52) എന്നിവര്‍ മൂന്നാര്‍ ടാറ്റാ ഹോസ്പിറ്റലിലുമാണുള്ളത്. മൂന്നാര്‍ പെട്ടിമുടിയിലുണ്ടായിരുന്ന മണ്ണിടിച്ചിലില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇവയില്‍ ആകെ 78 പേരാണ് താമസിക്കുന്നത്. ഇവരില്‍ 12 പേര്‍ രക്ഷപ്പെട്ടു. കാണാതായവരില്‍ 53 ഓളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലിചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റും. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ട്.
അഗ്‌നിശമനസേനയും പോലിസും വനംവകുപ്പും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്നുസംഘം കൂടി ഇന്ന് കേരളത്തിലെത്തുമെന്ന് എന്‍ഡിആര്‍എഫ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. രണ്ട് സംഘങ്ങള്‍ രാജമലയിലേക്ക് ഉടനെത്തും. നിലവില്‍ ഇവര്‍ ഉള്‍പ്പെടെ ആറുസംഘത്തെ കേരളത്തില്‍ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സംഘത്തെ അയ്ക്കും. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടിയെങ്കിലും മോശം കാലാവസ്ഥ തടസ്സമാവുകയാണ്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. രാജമലയിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നാറില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
ഫോണ്‍ നമ്പര്‍: 8547613101. ദുര്‍ഘടമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘത്തിന് സ്ഥലത്തെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. എയര്‍ ലിഫ്റ്റിങ് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. രാജമലയില്‍ അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ എയര്‍ലിഫ്റ്റിങ് സാധ്യമല്ലെന്ന് ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍ പറഞ്ഞു. മോശം കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും സബ്കലക്ടര്‍ പറഞ്ഞു. മൂന്നാറിലെ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എം എം മണി പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാന്‍ പ്രയാസമുണ്ടെന്നും മന്ത്രി പറഞ്ഞു.