രാജമല ദുരന്തം: വിദഗ്ധചികില്‍സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘവും
ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനെ സ്‌പെഷ്യല്‍ ഓഫിസറായി നിയോഗിച്ചു.
ഇടുക്കി: മൂന്നാറിലെ രാജമലയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധചികില്‍സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെയാണ് രാജമലയിലേക്ക് നിയോഗിച്ചത്. ഇടുക്കി ജില്ലയില്‍ മൊബൈല്‍ മെഡിക്കല്‍ സംഘത്തെയും ആംബുലന്‍സുകളെയും തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ മെഡിക്കല്‍ സംഘത്തെയും ആവശ്യമെങ്കില്‍ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെയും നാവികസേനയുടെയും സഹായവും തേടുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനെ സ്‌പെഷ്യല്‍ ഓഫിസറായി നിയോഗിച്ചു. മൃതദേഹങ്ങള്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി കൈമാറുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശനനെ നിയോഗിച്ചു.
എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്‌കുമാര്‍, ഇടുക്കി ജില്ലാ പോലിസ് മേധാവി ആര്‍ കറുപ്പസ്വാമി എന്നിവര്‍ അപകടസ്ഥലത്തും മൂന്നാറിലുമായി ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. വിവിധ ബറ്റാലിയനുകളില്‍നിന്നും മറ്റു ജില്ലകളില്‍നിന്നുമായി അധികമായി പൊലിസിനെ അവിടത്തേക്ക് നിയോഗിച്ചിട്ടുണ്ട്. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും പോലിസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് അടിയന്തരസാഹചര്യം നേരിടാനും പോലിസ് സേന സുസജ്ജമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.