മസാലാ ബോണ്ട്: സീതാറാം യെച്ചൂരിക്ക് രമേശ് ചെന്നിത്തല കത്തയച്ചു

മസാലാ ബോണ്ടില്‍ സിപിഎം കേന്ദ്ര കമ്മിറ്റി നിലപാട് എന്തെന്ന് വ്യക്തമാക്കണം. സിപിഎം എന്നും കഠിനമായി എതിര്‍ത്തു പോന്നിട്ടുള്ള നവബിലറല്‍ സാമ്പത്തിക നയത്തിന് അനുസൃതമാണ് മസാലാ ബോണ്ട്.

Update: 2019-04-27 06:44 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതു സര്‍ക്കാരിന്റെ കീഴിലുള്ള കിഫ്ബി മസാലാ ബോണ്ട് പുറപ്പെടുവിക്കുന്നതില്‍  പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെയും ജനറല്‍ സെക്രട്ടറിയുടെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സിപിഎമ്മും ഇടതുപക്ഷവും എന്നും കഠിനമായി എതിര്‍ത്തു പോന്നിട്ടുള്ള നവഉദാര സാമ്പത്തിക നയങ്ങള്‍ക്ക് അനുസൃതമായിട്ടുള്ളതാണ് മസാലാ ബോണ്ട്.

സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് മുന്‍പ് ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലോ പൊളിറ്റ് ബ്യൂറോയിലോ ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല സീതാറാം യെച്ചൂരിയോട് ആവശ്യപ്പെട്ടു. സ്റ്റോക്ക് മാര്‍ക്കെറ്റെന്ന സങ്കല്പത്തെ തന്നെ ദുരൂഹമായ മൂലധനമെന്ന നിലയില്‍ എതിര്‍ക്കുന്നവരാണ് സിപിഎം. ഇവിടെയാകട്ടെ അതിനെത്തന്നെ വാരിപ്പുണരുന്നു എന്ന് മാത്രമല്ല എസ്എന്‍സി ലാവ്‌ലിന്‍ എന്ന കളങ്കിത കമ്പനിയുടെ പങ്കാളിത്തം ഈ ഇടപാടിനെ കൂടുതല്‍ ദുരൂഹമാക്കുകയും ചെയ്യുന്നു.

സിഡിപിക്യൂ എന്ന കനേഡിയന്‍ കമ്പനിയാണ് കിഫ്ബിയുടെ മസാലാ ബോണ്ടുകള്‍ വാങ്ങിയത്. സിഡിപിക്യൂവിനാകട്ടെ ലാവ്‌നില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുമുണ്ട്.  കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തുള്ള ഈ കമ്പനിയുമായി ബന്ധപ്പെട്ട് വീണ്ടും ഇടപാട് നടക്കുന്നതിലെ ദുരൂഹതയും പാര്‍ട്ടി വിശദീകരിക്കേണ്ടതാണ്.

ഇത് വരെയുള്ള മസാലാ ബോണ്ടുകള്‍ക്ക് 5 മുതല്‍ 8 ശതമാനം വരെയാണ് പലിശ എങ്കില്‍ 9.72 എന്ന കൊള്ളപ്പലിശയാണ് കിഫ്ബിയുടെ മസാലാ ബോണ്ടുകള്‍ക്ക്. കിഫ്ബി മസാലാ ബോണ്ടുകള്‍ പബ്‌ളിക്കായി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും സിഡിപിക്യൂവിന്റെ ആസ്ഥാനമായ കാനഡയില്‍ ഇത് പ്രൈവറ്റായും പുറത്തിറക്കിയിട്ടുണ്ട് എന്ന വിവരവും ഇപ്പോള്‍ പുറത്തുവന്നു. ഇതും സംശയം വര്‍ദ്ധിപ്പിക്കുന്നു. 

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലച്ച് വിദേശ മൂലധനം അനുവദിക്കുന്നതിനുള്ള നരേന്ദ്ര മോദിയുടെ സാമ്പത്തിക നയം അനുസരിച്ചാണ് മസാലാ ബോണ്ടുകള്‍ കൊണ്ടു വന്നത്. ബിജെപിയുടേയും നരേന്ദ്ര മോദിയുടെയും ആ സാമ്പത്തിക നയത്തെ സിപിഎം പിന്തുടരുന്നത് അമ്പരപ്പുണ്ടാക്കുന്നതാണ്. ആകെ ദുരൂഹമായ ഇടപാടില്‍ സിപി'എം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് വ്യക്തമാക്കണമെന്ന് യെച്ചൂരിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  

Tags:    

Similar News