ലൈംഗീക പീഡനക്കേസ്; വിജയ് ബാബു ഹാജരായി; പോലിസ് ചോദ്യം ചെയ്യുന്നു
എറണാകുളം സൗത്ത് പോലിസ് മുമ്പാകെയാണ് വിജയ് ബാബു ഹാജരായിരിക്കുന്നത്.തുടര്‍ന്ന് പോലിസ് വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു
കൊച്ചി: യുവനടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തതിന് പിന്നാലെ വിദേശത്തേയ്ക്ക കടന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു വിദേശത്ത് നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ പോലിസ് മുമ്പാകെ ഹാജരായി.എറണാകുളം സൗത്ത് പോലിസ് മുമ്പാകെയാണ് വിജയ് ബാബു ഹാജരായിരിക്കുന്നത്.തുടര്‍ന്ന് പോലിസ് വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നതിനാല്‍ ഇന്ന് ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിനെ വിട്ടയക്കുമെന്നാണ് സൂചന. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.നടിയുടെ പരാതിയെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന് ഒളിവില്‍ കഴിഞ്ഞ വിജയ് ബാബു ഒരു മാസത്തിനു ശേഷം കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ കൊച്ചിയില്‍ മടങ്ങിയെത്തിയത്.വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ച് ഹൈക്കോടതി വിജയ് ബാബുവിനെ വ്യാഴാഴ്ച വരെ അറസ്റ്റു ചെയ്യുന്നത് ഇന്നലെ തടഞ്ഞിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ ഒമ്പതരയോടെ ദുബായില്‍ നിന്നും വിജയ് ബാബു കൊച്ചിയില്‍ മടങ്ങിയെത്തിയത്.കോടതിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നും വിജയ് ബാബു പറഞ്ഞു.അന്വേഷണവുമായി പോലിസിനോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും വിമാനത്താവളത്തില്‍ വെച്ച് വിജയ് ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഏപ്രില്‍ 22 നാണ് യുവ നടി വിജയ് ബാബുവിനെതിരെ പോലിസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് പോലിസ് കേസെടുത്തതിനു പിന്നാലെ ഏപ്രില്‍ 24 നാണ് വിജയ് ബാബു രാജ്യം വിട്ടത്.വിദേശത്ത് തങ്ങിക്കൊണ്ട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരുന്നുവെങ്കിലും വിജയ് ബാബു നാട്ടിലെത്താതെ ഹരജി പരിഗണിക്കില്ലെന്ന നിലപാടിലായിരുന്നു ഹൈക്കോടതി.