കൊയിലാണ്ടിയിലെ നാല് സ്‌കൂളുകളില്‍ നവീകരണം; 2.85 കോടിയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ

ആന്തട്ട ജിയുപി സ്‌കൂള്‍, കൊയിലാണ്ടി ജിഎഫ്‌യുപി സ്‌കൂള്‍, കോരപ്പുഴ ജിഎഫ്എല്‍പി സ്‌കൂള്‍, പയ്യോളി ജിഎഫ്എല്‍പി സ്‌കൂള്‍ നിര്‍മാണ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക.

Update: 2020-07-08 11:49 GMT

കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ നാല് സ്‌കൂളുകള്‍ മുഖംമിനുക്കി പുതിയ രൂപത്തില്‍ കുട്ടികളെ സ്വീകരിക്കാനൊരുങ്ങുകയാണ്. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തീരദേശത്തുള്ള നാല് സ്‌കൂളുകളാണ് അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുന്നത്. സ്‌കൂളുകളുടെ നിര്‍മാണപ്രവൃത്തി ഉദ്ഘാടനം ആന്തട്ട ഗവ.യുപി സ്‌കൂളില്‍ നാളെ വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. യോഗത്തില്‍ കെ ദാസന്‍ എംഎല്‍എ മുഖ്യാതിഥിയാവും. ആന്തട്ട ജിയുപി സ്‌കൂള്‍, കൊയിലാണ്ടി ജിഎഫ്‌യുപി സ്‌കൂള്‍, കോരപ്പുഴ ജിഎഫ്എല്‍പി സ്‌കൂള്‍, പയ്യോളി ജിഎഫ്എല്‍പി സ്‌കൂള്‍ നിര്‍മാണ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക.

നാല് സ്‌കൂളുകള്‍ക്കുമായി ഫിഷറീസ് വകുപ്പ് കിഫ്ബി വഴി 2.85 കോടി രൂപയാണ് അനുവദിച്ചത്. ആന്തട്ട ജിയുപി സ്‌കൂളിന് 92.80 ലക്ഷം രൂപ, കൊയിലാണ്ടി ജിഎഫ്‌യുപി സ്‌കൂളിന് 63.83 ലക്ഷം, കോരപ്പുഴ ജിഎഫ്എല്‍പി സ്‌കൂളിന് 67.57 ലക്ഷം, പയ്യോളി ജിഎഫ്എല്‍പി സ്‌കൂളിന് 60.80 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നതിനിടയില്‍ മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കള്‍ പഠിച്ചുവരുന്ന സ്‌കൂളുകളുടെ ഭൗതികനിലവാരവും ഉയരുകയാണ്. 

Tags:    

Similar News