പിന്നാക്ക സമുദായ സംവരണ അട്ടിമറി: സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സംഗമം

സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തിലാണ് പിന്നാക്ക സംവരണ അട്ടിമറിക്കെതിരെ പ്രതിഷേധം നടന്നത്.

Update: 2020-10-21 11:00 GMT

തിരുവനന്തപുരം: പിന്നാക്ക സമുദായ സംവരണ അട്ടിമറിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ വിവിധ സംഘടനകളുടെ പ്രതിഷേധ സംഗമം. സംവരണ സമുദായ മുന്നണിയുടെയും എംബിസിഎഫിൻ്റേയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ പിന്നാക്ക ന്യൂനപക്ഷ പട്ടികജാതി-വർഗ  സംഘടനകൾ പങ്കാളികളായി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംഘടനാ നേതാക്കൾ സമരത്തിൽ പങ്കാളികളായത്.

മുൻ എംഎൽഎയും സംവരണ സമുദായ മുന്നണി സംസ്ഥാന പ്രസിഡൻ്റുമായ വി ദിനകരൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. മുന്നാക്കക്കാർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നീക്കം തടയണമെന്ന ഹരജിയിൽ സുപ്രീം കോടതിയിൽ നിന്നും വിധി വരുന്നതിന് മുമ്പ് ധൃതി പിടിച്ച് സാമ്പത്തിക സംവരണം നടപ്പാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗ വിദ്യാഭ്യാസ രംഗങ്ങളിൽ തികച്ചും തെറ്റായ രീതിയിലും പിന്നാക്ക വിഭാഗങ്ങളെ ആകെ കബളിപ്പിച്ചുമാണ് എല്ലാ തലങ്ങളിലും പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹവും നീതിക്ക് നിരക്കാത്തതുമാണ്. സുപ്രീംകോടതി വിധിവരുന്നതുവരെ മുന്നിക്ക സംവരണം നിർത്തിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. വർക്കിങ് പ്രസിഡൻ്റ് എസ് കുട്ടപ്പൻ ചെട്ടിയാർ അധ്യക്ഷത വഹിച്ചു.

പിന്നാക്ക സംവരണ അട്ടിമറിക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന ധർണയിൽ കാംപസ് ഫ്രണ്ട് പങ്കാളികളായി. സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മിൽ, സംസ്ഥാന കൗൺസിലംഗങ്ങളായ അജ്മൽ ഹുസൈൻ, അംജദ് കണിയാപുരം, സലാഹുദ്ദീൻ അയ്യൂബി എന്നിവരും പങ്കെടുത്തു. പോപുലര്‍ ഫ്രണ്ട് നേതാക്കളും പ്രതിഷേധത്തിന് പിന്തുണ നൽകി. പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സോണല്‍ പ്രസിഡന്റ് ഇ സുല്‍ഫി, തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് എ നിസാറുദ്ദീന്‍ ബാഖവി, സെക്രട്ടറി എസ് നവാസ്, എ ഇബ്രാഹിം മൗലവി തുടങ്ങിയവർ പങ്കെടുത്തു.

എന്‍ കെ അലി (ജനറല്‍ സെക്രട്ടറി, സംവരണ സമുദായ മുന്നണി & മെക്ക), ബി സുഭാഷ് ബോസ് (കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായസഭ), ടി ജി ഗോപാലകൃഷ്ണന്‍ നായര്‍ (കേരള വെളുത്തേടത്ത് നായര്‍ സമാജം), ഷാജി ജോര്‍ജ്ജ് (കെആര്‍എല്‍സി), വി വി കരുണാകരന്‍ (കേരള പത്മശാലിയ സംഘം), ജഗതി രാജന്‍ (ഈഴവാത്തി കാവുതീണ്ടി സമുദായം), ഡി ദേവപ്രസാദ് (കേരള നാടാര്‍ മഹാജന സംഘം), അഡ്വ. ഷാജി പയ്യന്നൂര്‍ (എംബിസിഎഫ്), പ്രഫ. ഇ അബ്ദുല്‍ റഷീദ് (മെക്ക), ബീമാപള്ളി റഷീദ് (മുസ്‌ലിംലീഗ്), കെ പി ചെല്ലപ്പന്‍, ഡോ. രാജേന്ദ്രന്‍ (അഖിലകേരള തണ്ടാര്‍ മഹാജനസഭ), വയലപ്ര നാരായണന്‍ (അഖിലകേരള യാദവസഭ), ശശിധരന്‍ പിള്ള (അഖിലകേരള ചെട്ടി മഹാസഭ), അഡ്വ. രവീന്ദ്രന്‍ (വടുക സമുദായ സാംസ്‌കാരിക സമിതി), കെ കെ സുധാകരന്‍ (കേരള ഗണക കണിശസഭ), എസ് സുബ്രഹ്മണ്യന്‍ ചെട്ടിയാര്‍ (കേരള വണിക വൈശ്യസംഘം), പി കെ അശോകന്‍ (ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി), വി എ ബാലകൃഷ്ണന്‍ (അഖിലകേരള പണ്ഡിതര്‍ മഹാസഭ), മുരുകതേവര്‍ (കേരള തേവര്‍ സംഘം), അഡ്വ. സുരേഷ് (അഖിലകേരള എഴുത്തച്ഛന്‍ സമാജം), മണിമല സുരേന്ദ്രന്‍ (അഖിലകേരള വില്‍ക്കുറുപ്പ് മഹാസഭ), ഡോ. ഷാജികുമാര്‍ (കേരള ഗണക മഹാസഭ), ആര്‍ ശങ്കര്‍ റെഡ്യാര്‍ (ആള്‍ കേരള റെഡ്യാര്‍സ് ഫെഡറേഷന്‍), എ കൃഷ്ണന്‍കുട്ടി (കേരള യാദവ സഭ), ഗണേശ് കുമാര്‍ (ആള്‍ കേരള നായിഡു മഹാസഭ), വി ആര്‍ ജോഷി (മുന്‍ ഡയറക്ടര്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ്), വിഷ്ണുഹരി (കേരള സമസ്ത വിശ്വകര്‍മ്മ സംഘം), ഫാ. ആന്റണി ജോര്‍ജ്ജ് (ലത്തീന്‍ കാത്തോലിക്കാ വിഭാഗം), ആന്റണി ജോസഫ് (കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍), സജീദ് ഖാലിദ് (ഫ്രട്ടേണിറ്റി മൂവ്‌മെന്റ്), വിശ്വകര്‍മ്മ പ്രവാസ് സംഘം തുടങ്ങി മുപ്പതോളം സംവരണ സമുദായ സംഘടനകളുടെ നേതാക്കളും ഭാരവാഹികളും പങ്കെടുത്തു.

സംവരണ സമുദായ മുന്നണി രക്ഷാധികാരി മുന്‍ മന്ത്രി കുട്ടി അഹമ്മദുകുട്ടി ഓണ്‍ലൈനില്‍ ആശംസകള്‍ അര്‍പ്പിച്ചു. പോപ്പുലര്‍ ഫ്രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി, കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍, കാംപസ് ഫ്രണ്ട് തുടങ്ങി നിരവധി പിന്നോക്ക സമുദായ സംഘനകളുടെ നേതാക്കളും പ്രവര്‍ത്തകരും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അവരവരുടെ ബാനറിന് കീഴില്‍ പതാകകളും പ്ലക്കാര്‍ഡുകളുമേന്തി സെക്രട്ടേറിയറ്റിന് മുമ്പില്‍ ധര്‍ണ നടത്തി.

Tags:    

Similar News