സംവരണങ്ങള്‍ ഇല്ലാതാവുമെന്ന സുപ്രിംകോടതി നിരീക്ഷണം ആശങ്കയുളവാക്കുന്നത്: എസ്‌വൈഎസ് കാന്തപുരം വിഭാഗം

പുതിയ കാലഘട്ടത്തിലും ഭരണകൂടത്തിന്റേതടക്കം പലരുടെയും നിലപാടുകള്‍ അവരുടെ പിന്നാക്കാവസ്ഥയെ മറികടക്കാന്‍ കഴിയാത്ത തരത്തിലുള്ളതാണ്. അത്തരമൊരു സാഹചര്യത്തില്‍ സംവരണ വിഭാഗങ്ങള്‍ക്ക് മുന്നോട്ടുവരാന്‍ ലഭ്യമായ വഴികള്‍ കൂടി ഇല്ലാതാവുന്നത് ആശങ്കാജനകമാണ്.

Update: 2021-03-27 12:40 GMT

കോഴിക്കോട്: രാജ്യത്ത് സാമ്പത്തിക സംവരണം മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്നും മറ്റുള്ള എല്ലാ സംവരണങ്ങളും ഇല്ലാതായേക്കാമെന്നുമുള്ള സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം ആശങ്കയുളവാക്കുന്നതാണെന്ന് എസ്‌വൈഎസ് കാന്തപുരം വിഭാഗം സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകളില്ലാതെ സമത്വപൂര്‍ണമായ സമൂഹത്തിന് ഇത്തരത്തിലുള്ള സംവരണങ്ങള്‍ ഇല്ലാതാക്കല്‍ അനിവാര്യമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. എന്നാല്‍, ജാതിയുടെയും മതത്തിനെയും പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് പിന്നാക്കം പോയ സമുദായങ്ങള്‍ ഇപ്പോഴും മറ്റുള്ളവര്‍ക്കൊപ്പമെത്താന്‍ കഴിയാതെ പ്രയാസപ്പെടുന്നുണ്ട്.

പുതിയ കാലഘട്ടത്തിലും ഭരണകൂടത്തിന്റേതടക്കം പലരുടെയും നിലപാടുകള്‍ അവരുടെ പിന്നാക്കാവസ്ഥയെ മറികടക്കാന്‍ കഴിയാത്ത തരത്തിലുള്ളതാണ്. അത്തരമൊരു സാഹചര്യത്തില്‍ സംവരണ വിഭാഗങ്ങള്‍ക്ക് മുന്നോട്ടുവരാന്‍ ലഭ്യമായ വഴികള്‍ കൂടി ഇല്ലാതാവുന്നത് ആശങ്കാജനകമാണ്. അതിനാല്‍, ജാതിയുടെയും മതത്തിനെയും പേരിലുള്ള വിവേചനങ്ങള്‍ പൂര്‍ണമായും ഇല്ലാതായ ശേഷമേ ഇത്തരത്തിലുള്ള നിലപാടുകളിലേക്കും നിയമനിര്‍മാണങ്ങളിലേക്കും ഭരണകൂടവും നീതിന്യായ സംവിധാനവും പോകാവൂ എന്ന് എസ്‌വൈഎസ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് യൂത്ത് സ്‌ക്വയറില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം മുന്‍ സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഡോ: എ പി അബ്ദുല്‍ ഹക്കിം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, മുഹമ്മദ് പറവൂര്‍, ഡോ: മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News