മേല്‍ജാതികള്‍ക്ക് അനര്‍ഹ സംവരണം: ഇടത് സര്‍ക്കാര്‍ പിന്നാക്കക്കാരെ വഞ്ചിച്ചു; വ്യാഴാഴ്ച എസ്ഡിപിഐ പ്രതിഷേധ ദിനം

പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിനു മുമ്പിലും സമരം സംഘടിപ്പിക്കും. കൂടാതെ ബ്രാഞ്ച് തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചു.

Update: 2020-10-21 09:45 GMT

തിരുവനന്തപുരം: മേല്‍ജാതിക്കാര്‍ക്ക് അനര്‍ഹമായി സംവരണം നടപ്പാക്കി പിന്നാക്ക ജനതയെ വഞ്ചിക്കുന്ന ഇടതു സര്‍ക്കാര്‍ നടപടിക്കെതിരേ വ്യാഴാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിനു മുമ്പിലും സമരം സംഘടിപ്പിക്കും. കൂടാതെ ബ്രാഞ്ച് തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചു.

സവര്‍ണ വിഭാഗങ്ങള്‍ക്ക് അനര്‍ഹമായി 10 ശതമാനം സംവരണം അനുവദിക്കുന്ന പി.എസ്.സി ചട്ട ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത് പിന്നാക്ക ജനതയോടുള്ള വെല്ലുവിളിയാണ്. സുപ്രിം കോടതിയുടെ അന്തിമവിധി വരുന്നതിനു പോലും കാത്തുനില്‍ക്കാതെ ഇടതു സര്‍ക്കാര്‍ കാണിക്കുന്ന അമിതാവേശം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. സവര്‍ണ പ്രീണനത്തിന് സംഘപരിവാരത്തെ പോലും മറികടക്കാനാണ് പിണറായി ശ്രമിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 20 ശതമാനം സവര്‍ണരെ വിദ്യാഭ്യാസ-ഉദ്യോഗ തലങ്ങളില്‍ തിരുകിക്കയറ്റാന്‍ ഇടതു സര്‍ക്കാര്‍ കാണിക്കുന്ന വഴിവിട്ട പ്രവര്‍ത്തനം പ്രതിഷേധാര്‍ഹമാണ്.

സംഘടിത സവര്‍ണ വിഭാഗത്തിനു മുമ്പില്‍ മുട്ടിലിഴയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദിയെ പോലും നാണിപ്പിക്കുമാറാണ് പരമാവധി മേല്‍ജാതിക്കാരന് ആനുകുല്യം നല്‍കുന്നതിന് വ്യവസ്ഥകള്‍ പോലും തിരുത്തിയെഴുതിയിരിക്കുകയാണ്. വരുമാന പരിധി നാലു ലക്ഷമാക്കി മറ്റ് കോടികളുടെ ആസ്തി ഉള്ളവനെയും ആനുകുല്യ പരിധിയിലാക്കി. കൊച്ചി നഗരത്തില്‍ 50 സെന്റ് സ്ഥലമുള്ള മുന്നാക്ക ജാതിയില്‍പെട്ടയാളെ ദരിദ്രനായി കണക്കാക്കിയാണ് പിണറായി സര്‍ക്കാരിന്റെ പ്രീണനം. പഞ്ചായത്തിലും നഗരസഭ പ്രദേശത്തും കോര്‍പറേഷന്‍ പരിധിയിലും ഭൂമിയുണ്ടെങ്കില്‍ എല്ലാം ചേര്‍ത്ത് രണ്ടര ഏക്കര്‍ കവിയാതിരുന്നാല്‍ മതിയെന്ന വിചിത്ര മാനദണ്ഡമൊരുക്കിയാണ് ഇടതു സര്‍ക്കാര്‍ സവര്‍ണ സേവ ചെയ്യുന്നത്. വിദ്യാഭ്യാസ രംഗത്ത് ആകെ സീറ്റുകളുടെ 10 ശതമാനം സവര്‍ണന് നീക്കിവെച്ച് ജനറല്‍ സീറ്റിന്റെ ആനുപാതികമായാണ് പിന്നാക്കക്കാരന് ഓഹരിവെക്കുന്നത്. മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാന് മാത്രം കാബിനറ്റ് പദവി നല്‍കിയതും ഇടത് സര്‍ക്കാരിന്റെ വഞ്ചനയുടെയും അനീതിയുടെയും ഉദാഹരണമാണ്.

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഭരണഘടനാവകാശങ്ങള്‍ പോലും അട്ടിമറിച്ച് സവര്‍ണ സേവ നടത്തുന്ന ഇടതു സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും മജീദ് ഫൈസി മുന്നറിയിപ്പു നല്‍കി.

Tags:    

Similar News