തിരൂര്‍: തിരഞ്ഞെടുപ്പ് പശ്ചാതലത്തില്‍ കേരളത്തില്‍ വിശേഷിച്ചും മലപ്പുറം ജില്ലയില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദം തകര്‍ക്കും വിധമുള്ള പ്രചാരണങ്ങളെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കെഎന്‍എം മര്‍ക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും മാതൃകയാവും വിധം മതേതര മൂല്യങ്ങള്‍ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചവരാണ് കേരളീയ സമൂഹം. ഹീനമായ രാഷ്ട്രീയതാത്പര്യങ്ങള്‍ക്കുവേണ്ടി ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ സമൂഹങ്ങളെ വൈകാരികമായി വേര്‍പെടുത്താന്‍ ആരു ശ്രമിച്ചാലും അതിന് വലിയ വില നല്‍കേണ്ടിവരും.
മതസൗഹാര്‍ദത്തിലൂന്നിയ പ്രചാരണ ബോധവത്കരണത്തിന് കെഎന്‍എം നേതൃത്വം നല്‍കും. മഹല്ലുകളും പള്ളികളും മതസാമുദായിക സൗഹൃദം ലക്ഷ്യമാക്കി വിപുലമായ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കും. തെക്കന്‍ കുറ്റൂര്‍ ഐഇസി ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരിം എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പാറപ്പുറത്ത് മൊയ്തീന്‍കുട്ടി എന്ന ബാവ ഹാജി, ജനപ്രതിനിധികളായ ടി അബ്ദുല്‍ മജീദ്, ടി വി റംഷീദ, ബാഷ ബീഗം, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി വി ഹബീബ് റഹ്മാന്‍ എന്നിവരെ ആദരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ടി ആബിദ് മദനി പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ ടി ഇബ്രാഹിം അന്‍സാരി വരവ് ചെലവ് റിപോര്‍ട്ടും അവതരിപ്പിച്ചു. എം അഹമ്മദ് കുട്ടി മദനി, എം ടി മനാഫ്, പി കെ മൊയ്തീന്‍ സുല്ലമി, സി മമ്മു, പി സുഹൈല്‍ സാബിര്‍, പി മൂസ കുട്ടി മദനി, പി പി ഖാലിദ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. വി പി ഉമര്‍, പി മുഹമ്മദ് കുട്ടി ഹാജി, പി എം എ അസീസ്, സി എം പി മുഹമ്മദലി, സി വി അബ്ദുള്ള കുട്ടി, ഇ ഒ ഫൈസല്‍, ടി കെ എന്‍ നാസര്‍, ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ വൈരങ്കോട്, മജീദ് രണ്ടത്താണി, ഫാസില്‍ യൂനിവേഴ്‌സിറ്റി, നൗഫല്‍ പവന്നൂര്‍, റസിയാബി ഹാറൂണ്‍, സൈനബ കുറ്റൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.