സുപ്രിംകോടതി വിധി സംവരണത്തിന്റെ ഭരണഘടനാ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നു: പോപുലര്‍ഫ്രണ്ട്

ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികപരമായും സാമ്പത്തികപരമായും പിന്നാക്കമായിത്തീര്‍ന്ന സാമൂഹിക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭരണഘടനാപരമായി നിശ്ചയിച്ച സംവരണ സമ്പ്രദായം നിര്‍ത്തലാക്കാന്‍ ശക്തമായ ഗൂഢാലോചന നേരത്തേ തന്നെ നടന്നുവരുന്നുണ്ട്.

Update: 2020-02-10 14:52 GMT

ന്യൂഡല്‍ഹി: പട്ടികജാതി സംവരണ വിഷയത്തിലെ സുപ്രിംകോടതിയുടെ ഏറ്റവും പുതിയ വിധി പിന്നാക്കവിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഭരണ ഘടനാ വ്യവസ്ഥയ്ക്ക് മേലുള്ള മറ്റൊരു പ്രഹരമാണെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സെക്രട്ടറി അനിസ് അഹമദ് വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികപരമായും സാമ്പത്തികപരമായും പിന്നാക്കമായിത്തീര്‍ന്ന സാമൂഹിക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭരണഘടനാപരമായി നിശ്ചയിച്ച സംവരണ സമ്പ്രദായം നിര്‍ത്തലാക്കാന്‍ ശക്തമായ ഗൂഢാലോചന നേരത്തേ തന്നെ നടന്നുവരുന്നുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി സംവരണ സമ്പ്രദായത്തെ ഇതിനകം ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ജോലികളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശം അല്ലെന്നും ഒരു സംസ്ഥാനം സംവരണത്തിന് സ്ഥാനക്കയറ്റം അനുവദിക്കുന്നില്ലെങ്കില്‍ അതിന് നിര്‍ബന്ധിക്കാനാവില്ലെന്നും പ്രാതിനിധ്യത്തിലെ അസമത്വം കാണിക്കുന്ന കണക്കുകള്‍ കാണിക്കാതെ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാന്‍ കോടതികള്‍ക്ക് സാധിക്കില്ലെന്നുമുള്ള സുപ്രിംകോടതി വിധി സംവരണ വിരുദ്ധര്‍ക്ക് ശക്തി പകരുന്നതാണ്. എല്ലാ വിഭാഗമാളുകള്‍ക്കും അധികാരത്തില്‍ മതിയായ പ്രാതിനിധ്യമെന്ന സംവരണ ലക്ഷ്യം ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല. ഇത്തരമൊരു വിധിയെ സംവരണത്തിനെതിരായ പരോക്ഷ നീക്കമായി കാണണം. ഇത് സംവരണ വ്യവസ്ഥയെ നശിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളെ സഹായിക്കുന്നതാണ്.

വാസ്തവത്തില്‍ ന്യൂനപക്ഷങ്ങളുടെയും ഒബിസികളുടെയും എസ്‌സി/എസ്ടിയുടെയും അവകാശങ്ങള്‍ക്ക് വിരുദ്ധമായ അത്തരം വിധിന്യായങ്ങള്‍ ഒന്നിനുപുറകെ ഒന്നായി സുപ്രിം കോടതിയില്‍ നിന്നു വരുന്നത് ആശങ്കയുളവാക്കുന്നതാണ്. ഉന്നത ജൂഡീഷ്യല്‍ മേഖലയിലെ സവര്‍ണ മേധാവിത്വവും ന്യൂനപക്ഷങ്ങളുടെയും, മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങളുടെയും

പ്രാതിനിധ്യക്കുറവും ഇത്തരം ഭയാനകമായ പ്രവണതയ്ക്ക് പിന്നിലുണ്ടെന്ന് അനിസ് അഹമ്മദ് ചൂണ്ടിക്കാട്ടി. സംവരണത്തിനും പ്രാതിനിധ്യത്തിനുമുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താന്‍ അദ്ദേഹം എല്ലാ പിന്നാക്ക വിഭാഗങ്ങളോടും ആഹ്വാനം ചെയ്തു.


Tags:    

Similar News