അന്തര്‍സംസ്ഥാന തൊഴിലാളികളുടെ മടക്കം തുടരുന്നു; കോട്ടയം ജില്ലയില്‍നിന്ന് ഇതുവരെ തിരിച്ചത് 9,937 പേര്‍

നേരത്തെ രജിസ്റ്റര്‍ ചെയ്ത ക്രമത്തിലാണ് ജില്ലാ ഭരണകൂടം തൊഴിലാളികള്‍ക്ക് മടക്കയാത്രയ്ക്ക് സൗകര്യമേര്‍പ്പെടുത്തുന്നത്.

Update: 2020-06-02 17:20 GMT

കോട്ടയം: ജില്ലയില്‍നിന്നും വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അന്തര്‍സംസ്ഥാന തൊഴിലാളികളുടെ മടക്കയാത്ര തുടരുന്നു. പശ്ചിമബംഗാളിലേക്കുള്ള അഞ്ചാമത്തെ ട്രെയിന്‍ ഇന്ന് ഉച്ചകഴിഞ്ഞ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടു. ഹൗറ സ്റ്റേഷനിലേക്കുള്ള ഈ ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള 1,320 തൊഴിലാളികളാണുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി ബിഹാറിലേക്ക് 1,153 പേര്‍ മടങ്ങി. ഇതോടെ ജില്ലയില്‍നിന്ന് ഇതുവരെ സ്വദേശത്തേക്ക് പോയ തൊഴിലാളികളുടെ എണ്ണം 9,937 ആയി.

ചങ്ങനാശ്ശേരി -350, മീനച്ചില്‍- 345, കോട്ടയം-300, കാഞ്ഞിരപ്പള്ളി - 205, വൈക്കം- 120 എന്നിങ്ങനെയാണ് ഇന്നലെ പശ്ചിമബംഗാളിലേക്ക് പോയവരുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. ഇടുക്കിയില്‍നിന്നുള്ള 144 പേരും ഇതേ ട്രെയിനിലുണ്ടായിരുന്നു. ചങ്ങനാശ്ശേരി-541, കോട്ടയം-342, മീനച്ചില്‍ -134, വൈക്കം-69, കാഞ്ഞിരപ്പള്ളി- 67 എന്നിങ്ങനെയാണ് തിങ്കളാഴ്ച്ച ബിഹാറിലേക്ക് പോയവരുടെ താലൂക്ക് തിരിച്ചുള്ള കണക്ക്. നേരത്തെ രജിസ്റ്റര്‍ ചെയ്ത ക്രമത്തിലാണ് ജില്ലാ ഭരണകൂടം തൊഴിലാളികള്‍ക്ക് മടക്കയാത്രയ്ക്ക് സൗകര്യമേര്‍പ്പെടുത്തുന്നത്.

രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന തൊഴിലാളികള്‍ക്കായി അസിസ്റ്റന്റ് ലേബര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളില്‍നിന്നും പോലീസ് സംരക്ഷണയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനിലെത്തിക്കുന്നത്. ഇതിനു പുറമെ എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളില്‍ ഇവിടെനിന്ന് തൊഴിലാളികളെ എത്തിച്ച് നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്. ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം അനില്‍ ഉമ്മന്‍, ആര്‍ഡിഒ ജോളി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ജെസി ജോണ്‍, ജിയോ ടി മനോജ്, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഇന്നലെ തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

Tags:    

Similar News