കേരളത്തിലേയ്ക്കുള്ള ലഹരി കടത്തിന്റെ പ്രധാന മാര്‍ഗം ലക്ഷ്വറി ബസ്സുകളാണെന്ന് ഋഷിരാജ് സിങ്
ഓപറേറ്റര്‍മാര്‍ക്ക് ഇതില്‍ പങ്കില്ലെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് ലഹരിമരുന്ന് വില്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നിയമം കര്‍ശനമാക്കാനുള്ള ശ്രമത്തിലാണ് എക്‌സൈസ് വകുപ്പ് ഇപ്പോള്‍.
കോഴിക്കോട്: കേരളത്തിലേക്കുള്ള ലഹരി കടത്തിന്റെ പ്രധാന മാര്‍ഗം ലക്ഷ്വറി ബസ്സുകളാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. ഓപറേറ്റര്‍മാര്‍ക്ക് ഇതില്‍ പങ്കില്ലെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് ലഹരിമരുന്ന് വില്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നിയമം കര്‍ശനമാക്കാനുള്ള ശ്രമത്തിലാണ് എക്‌സൈസ് വകുപ്പ് ഇപ്പോള്‍. അതിനായി കര്‍ശനനിയമം കൊണ്ടുവരും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് കൂടി എക്‌സൈസില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.
മയക്കുമരുന്ന് ഗുളികകള്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, എംഡിഎംഎ തുടങ്ങിയ സിന്തറ്റിക് ലഹരിമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും കേരളത്തില്‍ വര്‍ധിക്കുന്നുണ്ട്. മൈസൂര്‍, മുംബൈ, മംഗലാപുരം എന്നിവിടങ്ങളില്‍നിന്നാണ് സംസ്ഥാനത്തേക്ക് ഇവയെത്തുന്നത്. അതിര്‍ത്തി കടന്ന് ലഹരിമരുന്നെത്തുന്നത് തടയാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. ലഹരി വിമുക്തി ക്യാംപയിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച മലബാര്‍ മാരത്തണില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
സ്റ്റുഡന്റ് പോലിസ് കേഡറ്റ്, ആര്‍മി, കോസ്റ്റ് ഗാര്‍ഡ്, പോലിസ്, എക്‌സൈസ്, എന്‍സിസി, എന്‍എസ്എസ്, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, നഴ്‌സുമാര്‍, വിദേശികള്‍ തുടങ്ങി വിവിധ മേഖലകളില്‍നിന്നുള്ളവര്‍ മാരത്തണില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വിവിധയിനം കലാരൂപങ്ങളും അരങ്ങേറി. ഇതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്തും മാരത്തണ്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മന്ത്രി ടി പി രാമകൃഷ്ണന്‍, ജില്ലാ കലക്ടര്‍, എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.