ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപ; മെയ് 14 മുതല്‍ വിതരണം ആരംഭിക്കും
147 കോടി രൂപ അനുവദിച്ചു. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും മാറ്റിവയ്ക്കുന്ന തുക പ്രത്യേക അക്കൗണ്ടായിട്ടാണ് ട്രഷറിയില്‍ സൂക്ഷിക്കുന്നത്.
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും മാറ്റിവയ്ക്കുന്ന തുകയില്‍ നിന്ന് 147.82 കോടി രൂപ ബിപിഎല്‍ കുടുംബങ്ങള്‍ക്കായി അനുവദിച്ചു. ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 14 മുതല്‍ തുകയുടെ വിതരണം ആരംഭിക്കും. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും മാറ്റിവയ്ക്കുന്ന തുക പ്രത്യേക അക്കൗണ്ടായിട്ടാണ് ട്രഷറിയില്‍ സൂക്ഷിക്കുന്നത്. അതില്‍ നിന്നുള്ള ആദ്യത്തെ ചെലവ് സാമൂഹ്യസുരക്ഷാ പെന്‍ഷനോ, ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ക്കു നല്‍കിയ 1000 രൂപയോ ലഭിക്കാത്ത എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും നല്‍കുന്ന ധനസഹായമാണ്. ഇങ്ങനെയുള്ള 14,78,236 കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനാവശ്യമായ 147.82 കോടി രൂപ അനുവദിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ഈ കുടുംബങ്ങളെ കണ്ടെത്തിയത് റേഷന്‍കാര്‍ഡ് വിവരങ്ങളിലൂടെയാണ്. സ്പ്രിങ്ഗ്ലര്‍ക്കു കൊടുത്തൂവെന്ന് പറഞ്ഞ വിവരങ്ങള്‍ കൊവിഡ് സാമ്പത്തിക പാക്കേജ് പ്രകാരം സഹായം നല്‍കാന്‍ വേണ്ടിയിട്ടാണ് ഉപയോഗിക്കുന്നത്. പക്ഷെ, ഇത് ഉപയോഗപ്പെടുത്താന്‍ കുറച്ചു സമയമെടുത്തു. റേഷന്‍കാര്‍ഡില്‍ എല്ലാ കുടുംബങ്ങളുടെയും ആധാര്‍ നമ്പറുണ്ട്. ക്ഷേമപെന്‍ഷനുകള്‍ ലഭിച്ചവരുടെയെല്ലാം ആധാര്‍ നമ്പര്‍ ഒത്തുനോക്കി അങ്ങനെയുള്ള കാര്‍ഡ് ഉടമകളെ ഒഴിവാക്കി. അതിനുശേഷം 1000 രൂപ ധനസഹായം ലഭിച്ച ആളുകളുടെ ആധാര്‍ ഒത്തുനോക്കി ഒഴിവാക്കി. എന്നാല്‍ രണ്ടാമത്തെ കൂട്ടരില്‍ 4-5 ലക്ഷം പേരുടെ ആധാര്‍ നമ്പര്‍ ലഭ്യമല്ല. അതുകൊണ്ട് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന 14.8 ലക്ഷം പേരുടെ ലിസ്റ്റില്‍ കുറച്ച് അനര്‍ഹരുണ്ടാകാം.
ഓരോരുത്തരുടെയും വീടുകളില്‍ ഏറ്റവും അടുത്ത സഹകരണ സംഘം ബാങ്കില്‍ നിന്നും പ്രവര്‍ത്തകര്‍ ഈ പണം വീട്ടില്‍ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുക. പക്ഷെ, പണം കൈപ്പറ്റും മുമ്പ് ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും നിര്‍ദ്ദിഷ്ട ഫോമില്‍ ലഭ്യമാക്കണം. ഭാവിയില്‍ സാമ്പത്തിക സഹായം ലഭിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി ഇത് ഉപയോഗിക്കാനുള്ള അനുവാദവും ഒപ്പിട്ടു നല്‍കണം. അതോടൊപ്പം പെന്‍ഷനോ, 1000 രൂപ സഹായമോ വീട്ടില്‍ ലഭിച്ചിട്ടില്ലായെന്നും ഒപ്പിട്ടു നല്‍കണം. പണവിതരണം അടുത്തയാഴ്ച തന്നെ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.