റബ്ബർ വിലയിടിവ്; കർഷകർ കടുത്ത പ്രതിസന്ധിയിൽ
ഈവർഷം റബ്ബറിന് അനുകൂല കാലമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തലുകൾ. വില 140 രൂപ കടന്നപ്പോൾ പ്രതീക്ഷ വർദ്ധിക്കുകയും ചെയ്തു.
തിരുവനന്തപുരം: റബ്ബർ വിലയിടിവിൽ കർഷകർ കടുത്ത പ്രതിസന്ധിയിൽ. വില കൂടുമെന്നു കരുതി ഭൂരിഭാഗം കർഷകരും റബ്ബർ വിൽക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ലോക്ക് ഡൗൺമൂലം സ്റ്റോക്ക് വിറ്റഴിക്കാൻ കഴിയാതെ വന്നതോടെ വ്യാപാരികള്‍ വെട്ടിലായി.
വേറെ വഴിയില്ലാത്തതിനാൽ കൈയിലുള്ള റബ്ബർ നൂറ് രൂപയ്ക്ക് വിൽക്കുകയാണ് കർഷകർ. ഈവർഷം റബ്ബറിന് അനുകൂല കാലമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തലുകൾ. വില 140 രൂപ കടന്നപ്പോൾ പ്രതീക്ഷ വർദ്ധിക്കുകയും ചെയ്തു. അതിനാൽ അത്യാവശ്യം സ്റ്റോക്ക് സൂക്ഷിക്കാവുന്ന ഇടത്തരം കർഷകർ കൂടുതൽ വില ലഭിക്കുമെന്ന് കരുതി വിൽക്കാതെ സൂക്ഷിച്ചു.
ലോക്ക് ഡൗണിൽ റബ്ബർ കടകൾ അടച്ചിരിക്കുകയാണ്. റബ്ബർ മാർക്കറ്റിങ് സൊസൈറ്റികളാണ് നിലവിൽ റബ്ബർ വാങ്ങുന്നത്. പ്രതിസന്ധി മറികടക്കാൻ റബ്ബർകടകൾ ആഴ്ചയിൽ ഒരുദിവസമെങ്കിലും തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളും കർഷകരും മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. റബ്ബർ വ്യവസായങ്ങളെ ചുരുങ്ങിയ തോതിൽ പ്രവർത്തിക്കാൻ അനുവദിക്കുക, വ്യാപാരികളുടെ ഓവർഡ്രാഫ്റ്റിന് മൂന്നുമാസത്തേക്കെങ്കിലും പലിശ ഒഴിവാക്കുക, കച്ചവടം തുടങ്ങുമ്പോൾ ലോക്ക് ഡൗണിന് മുമ്പുണ്ടായിരുന്ന അവസാന ദിവസത്തെ വിലയായ 125ൽ നിന്ന് തുടങ്ങുക, അവധിവ്യാപാരം നിർത്തിവെക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.
മഴക്കാലത്തിനുമുമ്പ് റബ്ബർ മരങ്ങളുടെ ടാപ്പിങ് പട്ടകൾക്ക് മഴമറ (റെയിൻ ഗാർഡ്) ഇടുന്ന ജോലികൾ നടത്താൻ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഇതിനാവശ്യമായ പോളിത്തീൻ, ബിറ്റുമെൻ തുടങ്ങിയവ കിട്ടാനില്ല. ഇവയുടെ ലഭ്യത ഉറപ്പാക്കുകയും വാങ്ങാനുള്ള കടകൾ ഒരു ദിവസമെങ്കിലും തുറക്കണമെന്നുമാണ് ഇൻഫാം ഉൾപ്പെടെയുള്ള കർഷക സംഘടനകളുടെ ആവശ്യം.