സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ചട്ടങ്ങള്‍ നിര്‍മിക്കുകയോ പരിഷ്‌കരിക്കുകയോ വേണം: ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം: കുട്ടികളുള്‍പ്പെടെയുള്ള സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് ചട്ടങ്ങള്‍ നിര്‍മിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് സെക്രട്ടറിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. നടപടികള്‍ക്ക് കാലതാമസം വന്നാല്‍ സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിശദമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണം. ഗതാഗത, ആഭ്യന്തരവകുപ്പ് സെക്രട്ടറിമാര്‍ സംസ്ഥാന പോലിസ് മേധാവി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ ഇതിനു നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ അംഗം കെ നസീര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തത്തിയാവണം ചട്ടങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കേണ്ടത്. രാത്രി സൈക്കിള്‍ യാത്ര നടത്തുന്നവര്‍ സൈക്കിളില്‍ റിഫഌക്ടറുകള്‍ ഘടിപ്പിക്കുകയും മധ്യലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഹെല്‍മറ്റ്, റിഫഌക്ട് ജാക്കറ്റ് എന്നിവ ധരിക്കണം. അമിതവേഗത്തിലുള്ളയാത്രകള്‍ നിയന്ത്രിക്കണം. സൈക്കിള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും മറ്റു തകരാറുകള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം തുടങ്ങിയ കാര്യങ്ങള്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തണം.
ദേശീയ പാതകളിലും മറ്റു റോഡുകളിലും സൈക്കിള്‍ യാത്രയ്ക്ക് പ്രത്യേക ഭാഗം അടയാളപ്പെടുത്തി ട്രാക്ക് സ്ഥാപിക്കണം. സൈക്കിള്‍ യാത്രയെകുറിച്ചും സൈക്കിള്‍ യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷയെ സംബന്ധിച്ചും വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുന്നതിനും ശരിയായി പരിശീലനം നല്‍കുന്നതിനും നടപടിയെടുക്കണം. ട്രാഫിക് പോലിസ് ഉദ്യോഗസ്ഥരെ സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലും സമീപമുള്ള റോഡുകളിലും രാവിലേയും വൈകുന്നേരവും ഡ്യൂട്ടിക്ക് പതിവായി നിയോഗിക്കണം. പോലിസ് മൊബൈല്‍ പട്രോളിംഗും ബൈക്ക് പട്രോളിങ്ങും സ്‌കൂള്‍ സോണ്‍ റോഡുകളില്‍ സ്ഥിരമായി ക്രമീകരിക്കാനും നടപടി റിപോര്‍ട്ട് 90 ദിവസത്തിനുള്ളില്‍ നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. റോഡില്‍ സൈക്കിള്‍ യാത്രക്കാരടക്കമുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന റഗുലേഷന്‍ കര്‍ശനമായി നടപ്പാക്കണം. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ചട്ടങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുള്ളതിനാല്‍ ഇതിനനുസൃതമായി ചട്ടങ്ങള്‍ കൊണ്ടുവരുകയോ കേരള മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കുകയോ ചെയ്യണം.
സൈക്കിള്‍ യാത്രക്കാരായ കുട്ടികള്‍ സൈക്കിള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളെയും സംബന്ധിച്ച് വിവിധ വകുപ്പുകള്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി പൂര്‍ണസുരക്ഷ ഉറപ്പാക്കാന്‍ കുട്ടികളെ സജ്ജരാക്കണം. ഇതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ്, പോലിസ്, ട്രാന്‍സ് പോര്‍ട്ട് വകുപ്പ് എന്നിവര്‍ സ്വീകരിക്കണം. സൈക്കിള്‍ അപകടങ്ങള്‍ സംസ്ഥാനത്ത് തുടരുന്നതായും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ പ്രവര്‍ത്തക സുനന്ദ കമ്മീഷന് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.