കൊവിഡ് സി.1.2 വകഭേദം; മുംബൈ വിമാനത്താവളത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്റ്, സിംബാബ്‌വെ എന്നിവിടങ്ങളില്‍ നിന്ന് മുംബൈ എയര്‍പോര്‍ട്ടിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
മുംബൈ: കൊവിഡിന്റെ പുതിയ വകഭേദമായ സി.1.2 ആശങ്ക പടര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മുംബൈ വിമാനത്താവളത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ മുംബൈ വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനകള്‍ നിര്‍ബന്ധമാക്കുമെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അറിയിച്ചു. യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്റ്, സിംബാബ്‌വെ എന്നിവിടങ്ങളില്‍ നിന്ന് മുംബൈ എയര്‍പോര്‍ട്ടിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
കൊവിഡിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ബിഎംസി പ്രസ്താവനയില്‍ പറഞ്ഞു. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിമാനത്തില്‍ യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നല്‍കുന്നത് റദ്ദാക്കി. എന്നിരുന്നാലും, അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ചില പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് വകഭേദം C.1.2 ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
കുറഞ്ഞത് ആറ് രാജ്യങ്ങളില്‍ സി.1.2 വകഭേദം കണ്ടെത്തിയിട്ടുണ്ട്- ലോകാരോഗ്യസംഘടനയുടെ കൊവിഡിനുള്ള സാങ്കേതിക മേധാവി മരിയ വാന്‍ കെര്‍ഖോവ് ചൊവ്വാഴ്ച പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ പുതിയ വകഭേദം ആദ്യമായി റിപോര്‍ട്ട് ചെയ്തത് മെയ് മാസത്തിലാണ്. യഥാര്‍ഥ വുഹാന്‍ വൈറസിനേക്കാള്‍ 40-59 വ്യാപനശേഷി കൂടുതലാണ് C.1.2 വേരിയന്റിനെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് (എന്‍ഐസിഡി), ക്വാസുലുനേറ്റല്‍ റിസര്‍ച്ച് ഇന്നൊവേഷന്‍ ആന്റ് സീക്വന്‍സിങ് പ്ലാറ്റ്‌ഫോം (കെആര്‍ഐഎസ്പി) എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഗവേഷണത്തില്‍ പങ്കാളികളായത്.