കരിമല കാനനപാത മകരവിളക്കിന് തുറക്കും

വനം വകുപ്പിന്റെ നേതൃത്വത്തില്‍ പാത തെളിച്ചെടുക്കുന്ന ജോലി ആരംഭിച്ചുകഴിഞ്ഞു. അയ്യപ്പന്‍മാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനമൊരുക്കും.

Update: 2021-12-23 04:40 GMT

പത്തനംതിട്ട: എരുമേലിയിൽ നിന്നും പമ്പയിലെത്തുന്ന കരിമല കാനനപാത മകരവിളക്കിന് തുറക്കും. പാത തുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സംഘം പാതയില്‍ പരിശോധന നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥ സംഘം കാനനപാതയിലൂടെ നടന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കാനാകുമെന്ന് എഡിഎം പറഞ്ഞു

വനം വകുപ്പിന്റെ നേതൃത്വത്തില്‍ പാത തെളിച്ചെടുക്കുന്ന ജോലി ആരംഭിച്ചുകഴിഞ്ഞു. അയ്യപ്പന്‍മാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനമൊരുക്കും. നാല് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്ററുകളുണ്ടാകും. വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികള്‍ ഒരുക്കുന്ന എട്ട് ഇടത്താവളങ്ങളുമുണ്ടാകും.

രാത്രി വൈകി വനപാതയിലൂടെയുള്ള സഞ്ചാരം ഒഴിവാക്കും വിധം സമയം ക്രമീകരിക്കും. വൈകിയെത്തുന്നവര്‍ക്ക് ഇടത്താവളങ്ങളില്‍ വിശ്രമിക്കാന്‍ സൗകര്യം നല്‍കും. അയ്യപ്പ സേവാസംഘത്തിന്റെ അന്നദാന കേന്ദ്രങ്ങളുണ്ടാകും. ശുചിമുറികള്‍ സ്ഥാപിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്യും. വന്യമൃഗങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് രണ്ട് കിലോമീറ്റര്‍ ഇടവിട്ട് നിരീക്ഷണ സംവിധാനവും ഒരുക്കും.

18 കിലോമീറ്റര്‍ പൂര്‍ണമായും പെരിയാര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന പാത 35 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. പമ്പാ സ്‌പെഷല്‍ ഓഫീസര്‍ അജിത് കുമാര്‍ ഐപിഎസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധനാസംഘത്തിലുണ്ടായിരുന്നു.

Similar News