ശബരിമല ദര്‍ശനം: യുവതികളുടെ പശ്ചാത്തലം എന്‍ഐഎ അന്വേഷിക്കണം; കര്‍മസമിതി മോദിക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: ശബരിമല കര്‍മസമിതിയിലെ ആറ് വനിതാ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കെ പി ശശികലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ടെക്‌നിക്കല്‍ ഏരിയായില്‍ വച്ച് മോദിയെ കണ്ടത്. ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികളുടെ പശ്ചാത്തലം എന്‍ഐഎ അന്വേഷിക്കണമെന്ന നിവേദനവും സംഘം പ്രധാനമന്ത്രിക്ക് കൈമാറി. കൊല്ലത്ത് ബൈപ്പാസും തിരുവനന്തപുരത്ത് സ്വദേശ് ദര്‍ശന്‍ പദ്ധതിയും ഉദ്ഘാടനം ചെയ്യാനാണ് മോദി ഇന്നു വൈകീട്ട് കേരളത്തിലെത്തിയത്.
കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാത്രി 8.40ന് തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മോദി ഡല്‍ഹിയിലേക്ക് മടങ്ങിയത്. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി കെ പ്രശാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ബി സുരേഷ്, സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി.