മണ്ഡല കാലത്ത് ചെറിയ വാഹനങ്ങള്‍ക്ക് പമ്പ വരെ പ്രവേശനം; ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി
നാളെ തന്നെ തീരുമാനം അറിയിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. ശബരിമല സീസണ്‍ തുടങ്ങിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്നു തീരുമാനമെടുക്കേണ്ട വിഷയമാണെന്നു വ്യക്തമാക്കിയ കോടതി കേസ് നാളെ പരിഗണിക്കാനായി മാറ്റി. സുരക്ഷാ കാരണങ്ങളാല്‍ പമ്പയിലേക്ക് ചെറുകിട വാഹനങ്ങള്‍ കടത്തി വിടാനാവില്ലന്ന് ചുണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ പോലിസ് മേധാവി സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പരിശോധിച്ച ശേഷമാണ് കോടതിയുടെ നിര്‍ദേശം
കൊച്ചി: ശബരിമല മണ്ഡല കാലത്ത് ചെറുകിട വാഹനങ്ങള്‍ക്ക് പമ്പ വരെ പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.നാളെ തന്നെ തീരുമാനം അറിയിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. ശബരിമല സീസണ്‍ തുടങ്ങിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്നു തീരുമാനമെടുക്കേണ്ട വിഷയമാണെന്നു വ്യക്തമാക്കിയ കോടതി കേസ് നാളെ പരിഗണിക്കാനായി മാറ്റി. സുരക്ഷാ കാരണങ്ങളാല്‍ പമ്പയിലേക്ക് ചെറുകിട വാഹനങ്ങള്‍ കടത്തി വിടാനാവില്ലന്ന് ചുണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ പോലിസ് മേധാവി സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പരിശോധിച്ച ശേഷമാണ് കോടതിയുടെ നിര്‍ദേശം.
ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കുകയല്ലേ വേണ്ടതെന്നും പമ്പയില്‍ ഭക്തരെ ഇറക്കി വാഹനങ്ങള്‍ തിരികെ പോരുന്നതില്‍ തടസമുണ്ടോയെന്നും കോടതി ചോദിച്ചു . ഇക്കാര്യത്തില്‍ പോലിസല്ല സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി .നിലക്കല്‍ വരെ വാഹനങ്ങള്‍ അനുവദിച്ചാല്‍ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും സാധ്യതയുണ്ടന്നാണ് പോലിസിന്റെ വിശദീകരണം . കഴിഞ്ഞ വര്‍ഷം നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കില്‍ അതിനു കാരണങ്ങള്‍ ഉണ്ടന്നും ഇപ്പോള്‍ ആ സാഹചര്യമില്ലന്നും മുന്‍കാലങ്ങളിലെ സാഹചര്യം കൂടി കണക്കിലെടുക്കേണ്ടേയെന്നും കോടതി വാക്കാല്‍ ചോദിച്ചു.
മണ്ഡലകാലത്ത് പമ്പ വരെ ചെറുകിടവാഹനങ്ങള്‍ അനുവദിക്കണമെന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരന്റെ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത് .കാര്‍ ഒഴികെയുള്ളഒ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് അനുവദിക്കുന്നതില്‍ എന്താണ് തടസമെന്നും കോടതി ചോദിച്ചു. ഭക്തരുടെ സൗകര്യത്തിനു വേണ്ടിയാണ് ക്രമീകരണങ്ങള്‍ എന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. എല്ലാ ഭക്തര്‍ക്കും ശബരിമലയില്‍ എത്താന്‍ സൗകര്യമൊരുക്കുകയല്ലേ വേണ്ടതെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. പമ്പയിലേക്ക് വാഹനങ്ങള്‍ വിടുന്നതിന് ശക്തമായി എതിര്‍ക്കുന്നില്ലെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചു.