കര്‍ണാടകക്ക് പിന്നാലെ യുപിയിലും ഹിജാബ് വിലക്ക്; വിദ്യാര്‍ഥിയെ അപമാനിച്ച് പ്രഫസര്‍, ക്ലാസ് മുറിയില്‍ പ്രവേശിക്കുന്നത് വിലക്കി
ഫിബ്രവരി 10ന് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി സറീന, ഹിജാബ് ധരിച്ച് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കുന്നത് അവളുടെ പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസര്‍ പ്രശാന്ത് കുമാര്‍ കണ്ടപ്പോള്‍ ശകാരിക്കുകയും ക്ലാസില്‍ കയറുന്നത് വിലക്കുകയുമായിരുന്നു.
ന്യൂഡല്‍ഹി: കര്‍ണാടകക്ക് പിന്നാലെ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള വിലക്ക് ഉത്തര്‍ പ്രദേശിലേക്കും. ജൗന്‍പൂരിലെ ടിഡി കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഹിജാബ് ധരിച്ചതിന് വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ നിന്ന് പുറത്താക്കിയതായി ആജ് തക് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, പ്രഫസര്‍ ആരോപണം നിഷേധിച്ചു.
ഫിബ്രവരി 10ന് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി സറീന, ഹിജാബ് ധരിച്ച് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കുന്നത് അവളുടെ പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസര്‍ പ്രശാന്ത് കുമാര്‍ കണ്ടപ്പോള്‍ ശകാരിക്കുകയും ക്ലാസില്‍ കയറുന്നത് വിലക്കുകയുമായിരുന്നു. അതേസമയം, തനിക്ക് ഇതുവരെ ഒരു വിദ്യാര്‍ഥിയില്‍ നിന്നോ അവരുടെ ബന്ധുക്കളില്‍ നിന്നോ പരാതി ലഭിച്ചിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ അലോക് സിന്‍ഹ പറഞ്ഞു. മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ വിഷയം അറിഞ്ഞതെന്നും ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ പിതാവ് വ്യാഴാഴ്ച പ്രിന്‍സിപ്പലിനെ കാണുകയും വാക്കാല്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. തന്നെ ഹിജാബ് ധരിച്ച് കണ്ടതിന് ശേഷം പ്രഫസര്‍ ദേഷ്യപ്പെട്ടെന്നും 'ബുര്‍ഖ' അഴിച്ച് വലിച്ചെറിയണമെന്ന് പറഞ്ഞെന്നും സറീന ആരോപിച്ചു. താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉത്തര്‍പ്രദേശിലുടനീളം ഹിജാബ് നിരോധിക്കുമെന്ന് പ്രഫസര്‍ പറഞ്ഞതായും സറീന പറഞ്ഞു. തുടര്‍ന്ന് തന്നെ ക്ലാസ് മുറിയില്‍ നിന്ന് പുറത്താക്കി. സംഭവത്തിന് ശേഷം പ്രിന്‍സിപ്പലിനോട് പരാതിപ്പെടാതെ കണ്ണീരോടെ വീട്ടിലെത്തിയ സറീന ബന്ധുക്കളെ സംഭവം അറിയിക്കുകയായിരുന്നു.