സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി; രണ്ടു പേര്‍ കസ്റ്റഡിയില്‍
കഴിഞ്ഞ ദിവസം ചെറായിയിലെ ലൗ ലാന്‍ഡ് റിസോര്‍ട്ടില്‍ നിന്നും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ചെന്നാണ് സൈജു മുനമ്പം പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ മരിച്ച കേസിലും കോഴിക്കോട് സ്വദേശി നല്‍കിയ പോക്‌സോ കേസിലും പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി. കഴിഞ്ഞ ദിവസം ചെറായിയിലെ ലൗ ലാന്‍ഡ് റിസോര്‍ട്ടില്‍ നിന്നും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ചെന്നാണ് സൈജു മുനമ്പം പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
എട്ടംഗ സംഘമാണ് കഴിഞ്ഞ വ്യാഴാഴ്ച തന്നെ തട്ടിക്കൊണ്ടുപോയതെന്നും പരാതിയിലുണ്ട്. മോചനദ്രവ്യമായി ആദ്യം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികള്‍ പിന്നീട് ഒരു ലക്ഷം രൂപ തന്നാല്‍ മതിയെന്ന് പറഞ്ഞതായും സൈജു മുനമ്പം പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൈവശം പണം ഇല്ലെന്ന് മനസ്സിലായപ്പോള്‍ തന്നെ ഓട്ടോയില്‍ കയറ്റി വിട്ടയച്ചെന്നും സൈജു പറയുന്നു.
പരാതിയില്‍ മുനമ്പം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി സൈജു കെട്ടിച്ചമച്ചതാണോയെന്ന് പോലിസ് പരിശോധിച്ചിരുന്നു. ദേഹത്തെ മര്‍ദ്ദന പാടുകളടക്കം കണ്ടതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൗ ലാന്‍ഡ് റിസോര്‍ട്ട് ഉടമക്കും സംഭവത്തില്‍ പങ്കുള്ളതായി സൈജു ആരോപിച്ചു. ലോക്കല്‍ ഗുണ്ടകളാണ് ഇയാളെ തട്ടിക്കൊണ്ടു പോയതെന്ന് പോലിസ് അറിയിച്ചു. രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ ആളുകളെ തിരിച്ചറിഞ്ഞതായും പോലിസ് അറിയിച്ചു.