അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികള്‍ക്ക് ക്രൂരമായ മര്‍ദ്ദനം; കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലിസ് തിരയുന്നു
ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലിലെ ഒരു ലോഡ്ജില്‍ താമസിക്കുമ്പോഴാണ് പ്രതി സജീവാനന്ദന്‍ ഇവരെ ആക്രമിച്ചത്.
വയനാട്: അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവാവിനും യുവതിയെയും ക്രൂരമായി ആക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന് വേണ്ടി പോലിസ് തിരിച്ചില്‍ ശക്തമാക്കി. ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലിലെ ഒരു ലോഡ്ജില്‍ താമസിക്കുമ്പോഴാണ് പ്രതി സജീവാനന്ദന്‍ ഇവരെ ആക്രമിച്ചത്. ഇരുവരും എതിര്‍ത്തപ്പോള്‍ പകയോടെ പിന്തുടര്‍ന്ന് ആക്രമിച്ചെന്നാണ് യുവതി പോലിസിനോട് പറഞ്ഞത്. കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയെ ഇന്നലെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സജീവാനന്ദന്‍.
സജീവാനന്ദന്‍ ലോഡ്ജിലെ മുറിയില്‍ ഇടിച്ചു കയറി. ഇരുവരോടും അപമര്യാദയായി പെരുമാറി. ഇതിനെ അവര്‍ എതിര്‍ത്തതോടെ ബഹളമായി. ഇവര്‍ താമസിച്ച ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദന്‍ രണ്ട് പേരെയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്‌നമായപ്പോള്‍ ഒതുക്കാന്‍ ഇരുവരെയും ലോഡ്ജ് ജീവനക്കാരും പുറത്താക്കി. ഇതിന് ശേഷം സജീവാനന്ദന്‍ ഇവരെ പിന്തുടര്‍ന്ന് അമ്പലവയല്‍ ടൗണില്‍ വച്ച് ആക്രമിക്കുകയായിരുന്നെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
യുവതിയോട് അന്വേഷണസംഘം ഫോണില്‍ സംസാരിച്ചു. ഇന്ന് കോയമ്പത്തൂരിലെത്തി പൊലിസ് നേരിട്ട് യുവതിയുടെ മൊഴിയെടുക്കും. ഊട്ടി സ്വദേശിയാണ് തന്റെ കൂടെയുണ്ടായിരുന്ന, മര്‍ദ്ദനമേറ്റ യുവാവെന്ന് യുവതി പറഞ്ഞു. എന്നാല്‍, ഇയാളെ കണ്ടെത്താനായിട്ടില്ല. ഇരുവരും ഭാര്യാഭര്‍ത്താക്കന്‍മാരല്ല, സുഹൃത്തുക്കളാണ്. ഇത് കണ്ടാണ് സജീവാനന്ദന്‍ യുവതിയോട് ലോഡ്ജില്‍ വച്ച് അപമര്യാദയോടെ പെരുമാറിയത്.
അതേസമയം, പ്രതിക്കു വേണ്ടി കര്‍ണാടകയില്‍ അന്വേഷണം തുടരുകയാണെന്നാണ് പൊലിസ് അറിയിച്ചത്.
അമ്പലവയലില്‍ ഞായറാഴ്ച രാത്രി തമിഴ് യുവാവിനും യുവതിക്കും നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനമാണ്. കാക്കിയിട്ട ഒരാള്‍ ഒരു യുവാവിനെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതും, ചവിട്ടുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്. കൂടെയുള്ള യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് എതിര്‍ക്കാന്‍ യുവതി ശ്രമിച്ചപ്പോള്‍, സജീവാനന്ദന്‍ യുവതിക്ക് നേരെ തിരിഞ്ഞു.
''നിനക്കും വേണോ, പറ, നിനക്കും വേണോ എന്ന്? വേണോടീ?'', എന്ന് ചോദിച്ച് സജീവാനന്ദന്‍ യുവതിയുടെ കവിളത്തടിക്കുന്നു, റോഡിലിട്ട് ചവിട്ടുന്നു. കൂടെ യുവാവിനും മര്‍ദ്ദനം.
അക്രമിയെ അടക്കം പൊലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോയെങ്കിലും ആര്‍ക്കും പരാതിയില്ലെന്ന് പറഞ്ഞ് കേസ് പൊലീസ് ഒത്തുതീര്‍പ്പാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം.